പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Monday 28 July 2025 1:57 AM IST

കൊടുങ്ങല്ലൂർ: പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. എറിയാട് പേബസാർ കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ ഷക്കീറിനെ(39) ആണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രി 8.45 മണിയോടെ എറിയാട് ആറാട്ടുവഴിയിലുള്ള പെട്രോൾ പമ്പിലാണ് സംഭവം. പ്രതി ആദ്യം പെട്രോൾ അടിക്കണമെന്ന് പറഞ്ഞ് ബഹളം വച്ചപ്പോൾ ഗൗനിക്കാതെ ക്യൂവിലുണ്ടായിരുന്ന ആദ്യ വാഹനത്തിന് പെട്രോൾ കൊടുത്തതിലുള്ള വൈരാഗ്യം മൂലം പമ്പിലെ ജീവനക്കാരനായ എറിയാട് മാടവന പടിയത്ത് തട്ടാംപറമ്പിൽ താജുദ്ദീനെ (50) അസഭ്യം പറഞ്ഞ് ആക്രമിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ: ബി.കെ. അരുൺ, എസ്.ഐ: കെ. സാലിം, സി.പി.ഒമാരായ ജിജിൻ ജയിംസ്, ഷിനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.