വിദ്യാർത്ഥി ബസിടിച്ച് മരിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ

Monday 28 July 2025 1:58 AM IST

കൊച്ചി: എറണാകുളം ടൗൺഹാളിന് സമീപം സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി സ്വകാര്യ ബസിടിച്ച് മരിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ‌ഡ്രൈവർ വരാപ്പുഴ ചിറക്കകം പൊട്ടക്കുടിക്കൽ വീട്ടിൽ പി.എസ്. സനലിന്റെ (33) അറസ്റ്റ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തി. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച രാവിലെയാണ് തേവര എസ്.എച്ച് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ഗോവിന്ദ് എസ്. ഷേണായി അപകടത്തിൽ മരിച്ചത്. എറണാകുളം-ഏലൂർ പാതയിലോടുന്ന നന്ദനം ബസിലെ ‌‌ഡ്രൈവറാണ് സനൽ. ഇയാൾ അശ്രദ്ധമായും അപകടകരമായും ബസ് ഓടിച്ചതായി സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതിനെ തുടർന്നാണ് നരഹത്യാക്കുറ്റം ചുമത്തിയത്.