നാട്ടകത്ത് രണ്ടിടങ്ങളിൽ മോഷണം

Monday 28 July 2025 2:00 AM IST

കോട്ടയം : നാട്ടകം കണ്ണാടിക്കടവിൽ സ്ഥിതി ചെയ്യുന്ന 2 സ്ഥാപനങ്ങളിൽ മോഷണം. പണവും സാധനങ്ങളും അടക്കം മോഷ്ടാവ് കവർന്നു. ഇന്നലെ സ്ഥാപനങ്ങൾ അവധിയായതിനാൽ വൈകിയാണ് മോഷണം വിവരം അറിഞ്ഞത്. നാട്ടകം വില്ലേജ് ഓഫിസിനു സമീപം പ്രവർത്തിക്കുന്ന പരുത്തുംപാറ സ്വദേശി ജിനുവിന്റെ ഉടമസ്ഥതയിലുള്ള അക്ഷര ഡിജിറ്റൽ സേവാ കേന്ദ്രത്തിൽ നിന്ന് മൂവായിരം രൂപ നഷ്ടമായി. ഇതിനു സമീപം പ്രവർത്തിക്കുന്ന എ.ആർ ഹോം കെയറിലും മോഷണം നടന്നു. ഇവിടെ നിന്ന് പണം നഷ്ടമായിട്ടില്ല. രണ്ട് സ്ഥാപനങ്ങൾക്കുള്ളിലും കടന്ന മോഷ്ടാവ് ഫയലുകളും സാധനങ്ങളും വലിച്ചു വാരിയിട്ട നിലയിലാണ്. പൂട്ട് പൊളിഞ്ഞ് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്ഥാപനത്തിലും സമീപത്തും സി.സി.ടി.വികളില്ല. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.