യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
പുതുക്കാട് : ആമ്പല്ലൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചതിനെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപെട്ട പ്രതി മൂവാറ്റുപുഴ മുളവൂർ പള്ളിച്ചിറ വെള്ളക്കാട്ട് വീട്ടിൽ അജ്മൽ (40) അറസ്റ്റിൽ. പാലക്കാട് നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന മാടക്കത്തറ കുളങ്ങരപറമ്പിൽ വീട്ടിൽ റിതുവിന്റെ(33) ലോറിയിൽ ആമ്പല്ലൂർ അടിപ്പാതക്ക് സമീപം അജ്മലിന്റെ ലോറി ഇടിക്കുകയായിരുന്നു.
ലോറിയുടെ സൈഡ് മിറർ പൊട്ടിയത് റിതു ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് ലോറി നിറുത്തി പുറത്തിറങ്ങിയ അജ്മൽ ലോറിയിൽ നിന്ന് കത്തിയെടുത്ത് റിതുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവശേഷം വാഹനവുമായി കടന്നുകളഞ്ഞ പ്രതിയെ കൊരട്ടി പൊങ്ങത്തു വച്ചാണ് പിടികൂടിയ്ത. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ചാലക്കുടി ഡിവൈ.എസ്.പ പി.സി. ബിജുകുമാർ, പുതുക്കാട് പൊലീസ് ഇൻസ്‌പെക്ടർ മഹേന്ദ്ര സിംഹൻ, എസ്.ഐ ജെനിൻ, ജൂനിയർ എസ്.ഐ വൈഷ്ണവ് രാമചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.