സ്പൈഡർമാനും ഒരു ഉച്ചികുത്തി വീഴ്ചയും

Monday 28 July 2025 2:35 AM IST

എന്തൊക്കെയായിരുന്നു! മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട്... അങ്ങനെ പവനായി ശവമായി! ജീവപര്യന്തം തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ പാർപ്പിച്ചിരുന്ന കൊലയാളി ഗോവിന്ദച്ചാമി എന്ന ഒറ്റക്കൈയൻ ജയിൽചാടി. സെല്ലിന്റെ ഇരുമ്പഴി ബ്ളേഡ് കൊണ്ട് അറുത്തു മാറ്റി, ഏഴര മീറ്റർ ഉയരമുള്ള കൂറ്റൻ മതിൽ തുണിപ്പുതപ്പ് ഉപയോഗിച്ച് സ്വയം പിരിച്ചുണ്ടാക്കിയ കയർ വഴി കടന്ന് പുറത്തെത്തി. കാവൽക്കാരുടെ കണ്ണുവെട്ടിച്ച് ജയിൽ പരിസരത്തുണ്ടായിരുന്ന വീപ്പകൾ ഉരുട്ടിക്കൊണ്ടു വന്ന് അതിനു മുകളിൽ കയറി നിന്ന് തുണിക്കയർ കമ്പിവേലിയിൽ എറിഞ്ഞ് ഉറപ്പിച്ചു. അതിൽ പിടിച്ച് പുറം മതിലിലൂടെ ഊർന്നിറങ്ങി റോഡിലെത്തി...

സ്പൈഡർമാൻ സിനിമ കാണുന്നതു പോലുള്ള അത്ഭുതം! ചാക്കുകെട്ട് തലയിലേറ്റിയുള്ള കാൽനട യാത്ര കണ്ട് ഓട്ടോ ഡ്രൈവർക്കു തോന്നിയ സംശയമാണ് ഗോവിന്ദച്ചാമിയെ പൊലീസ് വലയിൽ വീഴ്ത്തിയത്. ഇത്ര അമാനുഷ ശക്തി ഗോവിന്ദച്ചാമിക്ക് എങ്ങനെ കൈവന്നുവെന്ന ചോദ്യം നീളുന്നത് സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷയിലേക്കാണ്. നാണക്കേടിൽ ഉരിയുന്നത് ഭരണാധികാരികളുടെ തൊലിയും!

 

കണ്ണൂർ സെൻട്രൽ ജയിലിൽ സി.പി.എം തടവുകാരുടെ ഭരണമാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. ജയിൽ ചാടാനുള്ള എല്ലാ സൗകര്യവും ഗോവിന്ദച്ചാമിക്ക് കിട്ടിയെന്നും ആരോപണം. ജയിലിലും സിസ്റ്റത്തിന്റെ തകരാറാണോ എന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. സെൻട്രൽ ജയിലിനകത്തും പുറത്തും സി.സി ടിവിയുണ്ട്. വൈകിട്ട് ആറു മണിയോടെ സെല്ലിൽ കയറുന്ന തടവുകാർ പിന്നെ പുറത്തിറങ്ങിയാൽ മോണിട്ടറിംഗ് മുറിയിലുള്ള

ഉദ്യോഗസ്ഥർക്ക് കാണാം.

ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത് ജയിലിനകത്ത്, പ്രത്യേക മതിൽക്കെട്ടിനുള്ളിൽ ഇരുമ്പഴികളുള്ള ചെറിയ സെല്ലിൽ. 24 മണിക്കൂറും സി.സി. ടിവി നിരീക്ഷണം. മൂന്നുമീറ്റർ ഉയരത്തിൽ സുരക്ഷാ മതിൽ. ഒളിച്ച് പുറത്തുകടക്കണമെങ്കിൽ ഈ മതിലും, പുറത്ത് ഏഴര മീറ്റർ ഉയരമുള്ള വലിയ മതിലും ചാടണം. ചുറ്റുമതിലിനു മുകളിൽ ഒന്നര മീറ്റർ ഉയരത്തിൽ വൈദ്യുതി വേലി. കഴിഞ്ഞ ഒരു വർഷത്തോളമായി ഈ വേലിയിൽ വൈദ്യുതിയില്ല. ഗോവിന്ദച്ചാമിക്ക് ഇരുമ്പഴി മുറിക്കാനുള്ള സാമഗ്രികളും, പുറത്തു കടക്കാൻ നീളമുള്ള തുണിപ്പുതപ്പും, പുറത്തെത്തിയ ശേഷം ധരിക്കാൻ വസ്ത്രങ്ങളും എങ്ങനെ കിട്ടി?

മൂന്നു മാസത്തോളമെടുത്താണ് ഇരുമ്പഴി മുറിച്ചതെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴി. ഇടതുകൈ മുട്ടിനു താഴെ വരെ മാത്രമുള്ള ഇയാൾക്ക് പുറത്തു ചാടാൻ ആരുടെയൊക്കെയോ സഹായം ലഭിച്ചിരുന്നുവെന്ന് സംശയം തോന്നുന്നത് തികച്ചും സ്വാഭാവികം. ജയിൽപ്പുള്ളി താടി വടിക്കേണ്ടത് നിർബന്ധമായിരിക്കെ, ഇയാൾ എങ്ങനെ താടി വളർത്തി?വെളുപ്പിന് സെല്ലിൽ നിന്ന് പുറത്തിറങ്ങി വലിയ മതിൽ ചാടി രക്ഷപ്പെട്ടത് ജയിൽ ഉദ്യോഗസ്ഥരിൽ ആരും കണ്ടില്ലെന്നു പറഞ്ഞാൽ, ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഗോവിന്ദച്ചാമിമാരിൽ നിന്ന് നമ്മുടെ പെൺമക്കളെ ആര് രക്ഷിക്കും?

 

വടി കൊടുത്ത് അടി വാങ്ങുന്നത് അബദ്ധം. നിന്ന നില്പിൽ നാല് കരണംമറിഞ്ഞ് താഴെ ഉച്ചികുത്തി വീഴുന്നത് പരമ മണ്ടത്തരം. മുതിർന്ന കോൺഗ്രസ് നേതാവ് പാലോട് രവിക്ക് മണിക്കൂറുകൾക്കകം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം പോയത് ഇതിൽ രണ്ടാമത്തെ ഗണത്തിൽപ്പെടും. അപ്രിയസത്യം തുറന്നു പറയരുതെന്നാണ് പ്രമാണം. ആരോടെങ്കിലും രഹസ്യമായി പറഞ്ഞാൽത്തന്നെ, അത് മറ്റൊരു ചെവി കേൾക്കരുത്. ആരെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്. ശുദ്ധനെന്ന് നമ്മൾ കരുതുന്നയാൾ ചിലപ്പോൾ ദുഷ്ടന്റെ ഫലം ചെയ്യും. തന്റെ കീഴിലുള്ള പാർട്ടി വാമനപുരം ബ്ളോക്ക് ജനറൽ സെക്രട്ടറി ജലീലുമായി നടത്തിയ സ്വകാര്യ ഫോൺ സംഭാഷണം പുറത്തായതാണ് രവിക്ക് കുരുക്കായത്.

സംഭാഷണം പുറത്തുവിട്ടത് ജലീലെന്ന് ഒരു കൂട്ടർ. അതല്ല, രവി തന്നെയെന്ന് മറ്റു ചിലർ. ചില ഡി.സി.സി പ്രസിഡന്റ് സ്ഥാനമോഹികൾ രവിയെ വെട്ടിലാക്കാൻ ഒപ്പിച്ച പണിയാണെന്ന് പാർട്ടിയിലെ മൂന്നാമതൊരു കൂട്ടർ. വായ് വിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാനാവില്ല. എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്നും, കോൺഗ്രസ് ഉച്ചികുത്തി വീഴുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് പറഞ്ഞാൽ, സ്വന്തം അണികളെ ആവേശം കൊള്ളിക്കാനെന്നു കരുതാം. അതേ വാചകം കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് പറഞ്ഞാലോ? ഒന്നുകിൽ, കൂറു മാറി മറുകണ്ടം ചാടാനാവാം. അല്ലെങ്കിൽ പാർട്ടിയിലെ തമ്മിലടിയും പാരയും കുതികാൽവെട്ടും കണ്ട് മടുത്തിട്ടാവാം.

നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ പാർട്ടിയിൽ ആളില്ലെന്നാണ് രവിയുടെ പരിദേവനം. ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ കുഴിച്ചുമൂടുന്നതിന്റെ ഉത്തരവാദിത്വം താനുൾപ്പെടെ എല്ലാവർക്കുമുണ്ട്. ഒറ്റയൊരുത്തനും ജനങ്ങളോട് ആത്മാർത്ഥ ബന്ധമില്ല. പരസ്പരം സ്നേഹമില്ല. എങ്ങനെ കാലുവാരാമെന്നാണ് ചിന്തിക്കുന്നതെന്നും രവി പറയുന്നു. ലക്ഷ്യം കാലുമാറ്റമാണെന്ന് ഇത് കേൾക്കുന്നവരാരും പറയില്ല. ചില പാർട്ടി പ്രവർത്തകരുടെ പോക്കിൽ തനിക്കുള്ള അമർഷമാണ് പറഞ്ഞതെന്നും, പ്രവർത്തകരെ ജാഗരൂകരാക്കാൻ പറഞ്ഞതാണെന്നുമാണ് രവിയുടെ വിശദീകരണം .

പക്ഷേ, കുളിപ്പിച്ചു കുളിപ്പിച്ച് പിള്ളയെത്തന്നെ ഇല്ലാതാക്കിയാലോ?

അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താവുമെന്നും, നിയമസഭാ തിരഞ്ഞെടുപ്പോടെ പാർട്ടി എടുക്കാച്ചരക്കായി മാറുമെന്നുമാണ് രവിയുടെ പ്രവചനം. 60 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലേതു പോലെ പണം കൊടുത്ത് 40,000- 50,000 വോട്ട് വാങ്ങും. അതോടെ, കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴും. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി തലകുത്തി വീഴാനിടയുള്ള ജില്ലയിലെ ചില ഗ്രാമ പഞ്ചായത്തുകളുടെ പേരും രവി എണ്ണിപ്പറയുന്നു. തീർച്ചയായും അതു സംഭവിക്കുമെന്ന് ബ്ളോക്ക് സെക്രട്ടറിയുടെ സാക്ഷ്യം!

ചാനലുകളിൽ വന്നത് തന്റെ എഡിറ്റ് ചെയ്ത സംഭാഷണമാണെന്നും, മുഴുവൻ കേട്ടാൽ തന്റെ ഉദ്ദേശ്യശുദ്ധി മനസിലാകുമെന്നുമാണ് രവിയുടെ വാദം. പക്ഷേ, മുകളിലിരിക്കുന്ന നേതാക്കൾക്കു കൂടി ആ പറയുന്നത്

ദഹിക്കണ്ടേ?പാർട്ടിക്ക് വലിയ ഡാമേജുണ്ടാക്കി. ഇനി 'ഞഞ്ഞാ പിഞ്ഞാ" പറഞ്ഞിട്ട് കാര്യമില്ലെന്ന് എ.ഐ.സി.സിയും കെ.പി.സി.സിയും. കൈയോടെ രാജി എഴുതി വാങ്ങി. ഫോണിന്റെ മറുതലയ്ക്കൽ ഉണ്ടായിരുന്നയാൾ പാർട്ടിക്കു പുറത്ത്.

 

'ആനന്ദലബ്ദ്ധിക്ക് ഇനിയെന്തു വേണം" എന്ന മട്ടിലാണത്തത്രെ ഗോവിന്ദൻ മാഷും കൂട്ടരും. അത്ര ഉറപ്പില്ലാതെ ഒരു മേനിക്ക് തങ്ങൾ പറഞ്ഞുനടന്നത് ഇതാ ഒരു ഡി.സി.സി പ്രസിഡന്റ് തന്നെ ഉറപ്പിച്ചു പറയുന്നു. എന്താ കഥ! ആഹ്ളാദച്ചിരി അവർ പുറത്തു കാട്ടുന്നില്ലെന്നു മാത്രം. 'പാലോട് രവി ഈ മന്ദിരത്തിന്റെ ഐശ്വര്യം" എന്നെഴുതിയ ബോർഡ് തലസ്ഥാനത്തെ പുതിയ എ.കെ.ജി സെന്ററിനു മുന്നിൽ ഗോവിന്ദൻ മാഷ് തൂക്കിയെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രോളന്മാർ. രവിയുടെ സംഭാഷണം കേട്ട് ബി.ജെ.പി നേതാക്കളും കുളിരുകോരുന്നു എന്നാണ് കേൾവി!

നുറുങ്ങ്:

□ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ എം. വിൻസന്റ് എം.എൽ.എയുടെ വോട്ട് സ്വന്തം വീടിരിക്കുന്നതിന്റെ അടുത്ത വാർഡിൽ!

■ എം.എൽ.എ അടുത്ത വാർഡിലേക്ക് താമസം മാറ്റേണ്ടിവരുമോ?

(വിദുരരുടെ ഫോൺ: 99461 08221)