ശ്രീരാമ മന്ത്രത്തിന്റെ മഹത്വ പൂർണത
ദക്ഷിണേ ലക്ഷ്മണോ യസ്യ
വാമേ ച ജനകാത്മജാ
പുരതോർ മാരുതീർ യസ്യ
തം വന്ദേ രഘുനന്ദനം
രാമായണ പഞ്ചകങ്ങളാണ് വാത്മീകി രാമായണം. അദ്ധ്യാത്മ രാമായണം, ബാലരാമായണം, ഗായത്രീ രാമായണം, അത്ഭുത രാമായണം എന്നിവ. 'ആരുടെ വലതുവശത്ത് ലക്ഷ്മണനും ഇടതുവശത്ത് സീതാദേവിയും മുന്നിൽ ഹനുമാനും ഭവിക്കുന്നുവോ, ആ രഘുനന്ദനനെ (ശ്രീരാമനെ) ഞാൻ വന്ദിക്കുന്നു" എന്ന് അർത്ഥം.
ദശരഥ പുത്രന്മാരായ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌നന്മാർ ധർമ്മാർത്ഥ കാമമോക്ഷ പ്രതീകങ്ങളായ അവതാര മൂർത്തികളാണ്. ശ്രീരാമൻ ധർമ്മസ്വരൂപനായിത്തന്നെ അവതരിച്ചു. ആ ശ്രീരാമചന്ദ്രനെയും മഹാലക്ഷ്മിയായ സീതയെയും സദാ മാനസപൂജ ചെയ്തുകൊണ്ട്, സേവിച്ചുകൊണ്ട് ലക്ഷ്മണൻ. മോക്ഷത്തിന് അധികാരിയായും സമസ്ത സ്വത്തുക്കളുടെയും പ്രജാസംരക്ഷണത്തിന്റെയും ഭാരം ഏറ്റെടുത്തും (ജ്യേഷ്ഠനുവേണ്ടി മാത്രം) അർത്ഥത്തിന്റെ കാവൽ മൂർത്തിയായി, ഭരതൻ. ശത്രുഘ്‌നനാകട്ടെ ആചാരപ്രകാരമുള്ള ഗൃഹസ്ഥാശ്രമിയായിക്കൊണ്ട് ശത്രുക്കളെ എതിർത്തും നിഗ്രഹിച്ചും കാമത്തിന്റെ പ്രതിരൂപമായി.
രാമനാമം ജന്മരക്ഷക മന്ത്രമെന്നാണ് പ്രകീർത്തിക്കപ്പെടുന്നത്. അമരത്വം ഭവിക്കുന്ന മന്ത്രമാണ് അത്. ഭക്തകവി തുളസീദാസൻ കാശിയിൽ താമസിക്കുന്ന കാലം. ഒരു ദിവസം അടുത്ത വീട്ടിലെ ഒരു ബ്രാഹ്മണൻ സർപ്പദംശനമേറ്റ് കാലഗതി പ്രാപിച്ചു. ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തിനു പിറകിലായി അദ്ദേഹത്തിന്റെ സഹധർമ്മിണി ആർത്തലച്ച് നിലവിളിച്ചുകൊണ്ട് സഞ്ചരിക്കുന്നുണ്ടായിരുന്നു.
ദയ തോന്നിയ തുളസീദാസൻ, 'നീ സുമംഗലിയായി ഭവിക്കട്ടെ" എന്ന് അനുഗ്രഹിച്ചു. കേട്ടുനിന്നവർ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തോട്, ആ സ്ത്രീയുടെ ഭർത്താവാണ് മരിച്ച ബ്രാഹ്മണനെന്നും, അങ്ങ് അവരെ അനുഗ്രഹിച്ചതിന്റെ അർത്ഥമെന്തെന്നും ചോദിച്ചു. 'എല്ലാറ്റിന്റെയും ജീവകാരകനായ ശ്രീരാമന് ഒരാളുടെ ജീവൻ കൊടുക്കുവാനാണോ പ്രയാസം..." എന്നായിരുന്നു തുളസീദാസന്റെ മറുചോദ്യം. തുടർന്ന് അദ്ദേഹം നേരെ ശ്മശാനത്തിലെത്തി. വസ്ത്രംകൊണ്ട് മൂടിയ ജഡത്തിനരികിൽ നിന്ന് തുളസീദാസൻ ഭക്തിപൂർവം രാമമന്ത്രം ജപിക്കുവാൻ തുടങ്ങി.
അത്ഭുതമെന്നു പറയട്ടെ, ഒരുയാമം കഴിഞ്ഞതോടെ ആ ബ്രാഹ്മണൻ എഴുന്നേറ്റു നിൽക്കുന്നതാണ് എല്ലാവരും കണ്ടത്. പുനർജ്ജീവൻ കിട്ടിയ അദ്ദേഹം അവിടെ കൂടിനിന്നവരോടായി കാര്യമെന്തെന്നു ചോദിച്ചു. സംഭവങ്ങളെല്ലാം അറിഞ്ഞപ്പോൾ നിറഞ്ഞ ഭക്തിയോടെ പുനർജന്മ സൗഭാഗ്യമെന്നോണം തുളസീദാസ ചരണങ്ങളിൽ സാഷ്ടാംഗം വീണ് നമസ്കരിച്ചു.
ശ്രീരാമ മന്ത്രത്തിന്റെ മഹത്വം കൊണ്ടാണ് വാസുകി ഛർദ്ദിച്ച കാളകൂട വിഷം അമൃത സമാനമായത്. ശ്രീപരമേശ്വരൻ 'രാ" എന്ന് മന്ത്രിച്ചുകൊണ്ട് വാ തുറക്കുകയും വിഷപാനത്തിനുശേഷം 'മ" എന്ന് മന്ത്രിച്ചുകൊണ്ട് വായടയ്ക്കുകയും ചെയ്തു. അങ്ങനെ ആ വിഷം കണ്ഠത്തിൽ ഉറച്ചതോടു കൂടിയാണ് ശ്രീപരമശിവൻ 'നീലകണ്ഠൻ" ആയത്. ഭാരതത്തിൽ പണ്ടുതന്നെ ചില മാസങ്ങൾ തപസിനും വ്രതാഷ്ഠാനങ്ങൾക്കും വേദാദ്ധ്യയനങ്ങൾക്കും മറ്റുമുള്ള പുണ്യകാലമായിരുന്നു. മഹർഷിമാർ ആശ്രമ സങ്കേതങ്ങളിലോ പുണ്യതീർത്ഥങ്ങളിലോ തപജപധ്യാനാദികളിൽ മുഴുകിക്കഴിഞ്ഞിരുന്നു. കാലങ്ങൾക്കു മുമ്പുതന്നെ രാമായണ പാരായണം ഒരു ശീലവും ഗൃഹാന്തരീക്ഷങ്ങളിലെ ആദ്ധ്യാത്മികമായ ശ്രവണ മനന മാനസിക പരിവർത്തനങ്ങൾക്കുള്ള കൂട്ടായ്മയും ആയിരുന്നു.