ഷെൻജിയ ഷാവോ മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ് മേധാവി

Monday 28 July 2025 5:26 AM IST

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിയുടെ സഹ സ്രഷ്ടാവായ ഷെൻജിയ ഷാവോയെ മെറ്റ പ്ലാറ്റ്ഫോംസിന്റെ സൂപ്പർ ഇന്റലിജൻസ് ലബോറട്ടറിയുടെ ചീഫ് സയന്റിസ്റ്റായി നിയമിച്ചു. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യമറിയിച്ചത്. സക്കർബർഗിനും മെറ്റയുടെ ചീഫ് എ.ഐ ഓഫീസറായ അലക്സാണ്ടർ വാംഗിനുമൊപ്പം ചേർന്ന് ഷാവോ ലാബിനായുള്ള ഗവേഷണ അജൻഡകളും ശാസ്ത്രീയ ദിശയും നിശ്ചയിക്കും. ഓപ്പൺ എ.ഐയിലെ മുൻ ഗവേഷകനായ ഷാവോ,​ ചാറ്റ് ജി.പി.ടിക്ക് പുറമേ ജി.പി.ടി-4 അടക്കം കമ്പനിയുടെ നിരവധി മോഡലുകളുടെ രൂപീകരണത്തിൽ പങ്കാളിയായി. സമീപകാലത്ത് നിരവധി ഗവേഷകരാണ് ഓപ്പൺ എ.ഐയിൽ നിന്ന് മെറ്റയിലേക്ക് മാറിയത്. നൂതന എ.ഐയിലെ വിടവുകൾ നികത്തി മുന്നേറാനുള്ള തീവ്ര ശ്രമത്തിലാണ് മെറ്റ. മികച്ച ശമ്പള പാക്കേജുകളും സ്റ്റാർട്ടപ്പ് ഡീലുകളുമാണ് പ്രഗത്ഭരായ ഗവേഷകരെ ആകർഷിക്കാനായി മെറ്റ ആവിഷ്കരിച്ചിട്ടുള്ളത്.