അതിർത്തി സംഘർഷം: തായ്‌ലൻഡ് - കംബോഡിയ ചർച്ച ഇന്ന് മലേഷ്യയിൽ

Monday 28 July 2025 5:27 AM IST

ബാങ്കോക്ക്: തായ്‌ലൻഡും കംബോഡിയയും തമ്മിലെ അതിർത്തി സംഘർഷം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് ഇന്ന് മലേഷ്യയിൽ മദ്ധ്യസ്ഥ ചർച്ച നടക്കും. തായ്ലൻഡും കംബോഡിയയും ഉൾപ്പെട്ട ആസിയാൻ കൂട്ടായ്മയുടെ നിലവിലെ അദ്ധ്യക്ഷ പദവി മലേഷ്യയ്ക്കാണ്. തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈയും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും ചർച്ചയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മുന്നോട്ടുവച്ച വെടിനിറുത്തൽ നിർദ്ദേശം തായ്‌ലൻഡ് നേരത്തെ തള്ളിയിരുന്നു. മൂന്നാമതൊരു രാജ്യം വിഷയത്തിൽ ഇടപെടേണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തായ്ലൻഡ്, കംബോഡിയൻ നേതാക്കളുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തുകയും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുരാജ്യങ്ങളും വെടിനിറുത്തലിന് സമ്മതിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിൽ ഏർപ്പെടില്ലെന്ന മുന്നറിയിപ്പ് നൽകിയെന്നും ട്രംപ് പറയുന്നു.

അതേ സമയം, ഇന്നലെയും തായ്-കംബോഡിയൻ സൈന്യങ്ങൾ അതിർത്തി പ്രദേശങ്ങളിൽ പരസ്പരം ഷെല്ലാക്രമണം തുടർന്നു. വ്യാഴാഴ്ചയാണ് അതിർത്തിയിലെ തർക്ക പ്രദേശമായ താ മോൻ തോം ക്ഷേത്രത്തിന് സമീപം ഏറ്റുമുട്ടൽ തുടങ്ങിയത്. ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലായി 30ലേറെ പേരാണ് കൊല്ലപ്പെട്ടത്. 2,​00,000 ത്തിലേറെ പേരെ ഒഴിപ്പിച്ചു.