വംശനാശം സംഭവിച്ചിട്ടില്ല, ലോകത്തിന്റെ കുഞ്ഞൻ പാമ്പിനെ വീണ്ടും കണ്ടെത്തി

Monday 28 July 2025 5:28 AM IST

ന്യൂയോർക്ക്: ഇരുപത് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ' ബാർബഡോസ് ത്രെഡ്സ്നേക്ക് '. ലോകത്തെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസായ ബാർബഡോസ് ത്രെഡ്സ്നേക്കിന് വംശനാശം സംഭവിച്ചോ എന്ന ഭീതിയിലായിരുന്നു ഗവേഷകർ. കരീബിയൻ ദ്വീപായ ബാർബഡോസിലാണ് കണ്ടാൽ മണ്ണിരയെ പോലെ തോന്നിക്കുന്ന ഈ ഇത്തിരിക്കുഞ്ഞനെ ഗവേഷകർ വീണ്ടും കണ്ടെത്തിയത്.

മദ്ധ്യ ബാർബഡോസിൽ മാർച്ചിൽ സർക്കാരും പരിസ്ഥിതി സംഘടനയും ചേർന്ന് നടത്തിയ സർവേയ്ക്കിടെ ഒരു പാറക്കൂട്ടത്തിനടിയിലാണ് ത്രെഡ്സ്നേക്കിനെ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഒരു വർഷത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് നേട്ടം.

ഒരു മണ്ണിരയ്ക്കൊപ്പമാണ് ഈ പാമ്പിനെ ഗവേഷകർ കണ്ടെത്തിയത്. തുടർന്ന് യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റ് ഇൻഡീസിൽ എത്തിച്ച് മൈക്രോസ്കോപ്പിന് കീഴിൽ പരിശോധിച്ചു.

ബ്രാഹ്മിണി ബ്ലൈൻഡ് സ്നേക്കുമായി അസാധാരണ സാദൃശ്യമുള്ളതിനാൽ ബാർബഡോസ് ത്രെഡ്സ്നേക്ക് തന്നെയെന്ന് ഉറപ്പിക്കേണ്ടിയിരുന്നു. ശേഷം അതിനെ കണ്ടെത്തിയ സ്ഥലത്ത് തന്നെ തിരികെവിട്ടു.

കാഴ്ച ശക്തിയില്ലാത്ത ഇക്കൂട്ടരെ പറ്റിയുള്ള അറിവുകൾ ശാസ്ത്ര ലോകത്തിന് നിഗൂഢമാണ്. അപൂർവ്വമായാണ് ഇവയെ കാണാൻ സാധിക്കുക. 1889 മുതൽ ഇവയെ കണ്ടതായി സ്ഥിരീകരിക്കപ്പെട്ട വളരെ കുറച്ച് റിപ്പോർട്ടുകൾ മാത്രമാണുള്ളത്. ഇവയെ നേരിട്ട് കണ്ട മനുഷ്യരും ചുരുക്കമാണ്.

പൂർണ വളർച്ചയെത്തിയാൽ ശരാശരി 10 സെന്റീമീറ്റർ മാത്രം നീളം. ഏകദേശം 0.6 ഗ്രാം ഭാരം വരും. ഒരു യു.എസ് കോർട്ടർ കോയിനിന്റെ ഉള്ളിൽ ഒതുങ്ങാൻ മാത്രമുള്ള വലിപ്പം. സൂക്ഷിച്ചുനോക്കിയാൽ ഇവയുടെ ശരീരത്തിൽ നേർത്ത ഓറഞ്ച് വരകൾ കാണാം.