ക്ഷേത്രോത്സവത്തിന് എത്തിയവരുടെ മുകളിലേക്ക് കുരങ്ങന്മാർ വൈദ്യുതികമ്പി പൊട്ടിച്ചിട്ടു, രണ്ട് മരണം, 32 പേർക്ക് പരിക്ക്
ലക്‌നൗ: ക്ഷേത്ര ഉത്സവത്തിനിടെ വൈദ്യുതി കമ്പി ഭക്തജനങ്ങളുടെ മേൽ പൊട്ടിവീണ് രണ്ട് മരണം. ഉത്തർപ്രദേശിലെ ബാരാബങ്കിയിലെ പ്രശസ്‌തമായ അവ്‌ശാനീശ്വർ മഹാദേവ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അർദ്ധരാത്രി ആരംഭിച്ച ജലാഭിഷേക മഹോത്സവത്തിൽ പങ്കുകൊള്ളാൻ ടിൻ ഷീറ്റിട്ട മേൽക്കൂരയുള്ള ഭാഗത്ത് കൂടിനിൽക്കുകയായിരുന്നു ഭക്തജനങ്ങൾ. ഈ സമയം ഒരു കൂട്ടം കുരങ്ങന്മാർ ഇലക്‌ട്രിക് കമ്പി ഷീറ്റിന് മുകളിലേക്ക് പൊട്ടിച്ചിട്ടു. ഇതോടെ ആശങ്കയിലായ ആളുകൾ ഓടിമാറാൻ ശ്രമിക്കവെ തിക്കിലും തിരക്കിലും പെട്ടാണ് രണ്ടുപേർ മരിച്ചത്. മുബാരക്‌പുര ഗ്രാമത്തിൽ നിന്നുള്ള പ്രശാന്ത് (22), 30 വയസ് തോന്നുന്ന മറ്റൊരു യുവാവ് എന്നിവർക്കാണ് ജീവൻ നഷ്‌ടമായത്.
32പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ സ്‌ത്രീകളും കുട്ടികളുമുണ്ട്. ശ്രാവണ മാസത്തിലെ ഉത്സവ സമയമാണ് ക്ഷേത്രത്തിൽ ഇപ്പോൾ. ഇതിനിടെയാണ് കുരങ്ങന്മാർ കാരണം അപകടം ഉണ്ടായത്. ഷെഡിലൂടെ കറന്റ് പ്രവഹിച്ചതോടെ ആളുകൾ ഭയചകിതരായി നിലവിളിച്ച് ഓടുകയായിരുന്നു. 'അപകടം ഉണ്ടായയുടൻ സ്ഥലത്താകെ വലിയ കരച്ചിൽ ഉയർന്നു. ആളുകൾ ഒന്നിനുപിറകെ ഒന്നായി വന്നുവീണു. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസിലാക്കാനായില്ല.' ദൃക്‌സാക്ഷികൾ പറയുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രണവിധേയമാകുകയും ചെയ്‌തു.
അപകടത്തിൽ പെട്ട അഞ്ചുപേർക്ക് പരിക്ക് ഗുരുതരമാണ്. ഇവരെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.വേണ്ട നടപടി സ്വീകരിക്കാൻ അദ്ദേഹം ഉടൻതന്നെ നിർദ്ദേശവും നൽകി.ക്ഷേത്രത്തിൽ അധികൃതർ മതിയായ സുരക്ഷ ഒരുക്കുകയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.