ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകൾ അറസ്റ്റിലായ സംഭവം: സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Monday 28 July 2025 9:14 AM IST

ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്‌ത്രീകളെ ഛത്തീസ്‌ഗഡിൽ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കേരളത്തിൽ നിന്നുള്ള എംപിമാർ. കന്യാസ്‌ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ചചെയ്യണം എന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ സുധാകരൻ എന്നീ എംപിമാരാണ് നോട്ടീസ് നൽകിയത്.

ജ്യോതി ശർമ്മ എന്ന ഹിന്ദു സംഘടനാ നേതാവ് മിഷനറി പ്രവർത്തകരെ മർദ്ദിച്ച ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നിൽ ബജ്‌റംഗ്‌ദൾ ആണെന്നാണ് സഭാ നേതൃത്വം ആരോപിക്കുന്നത്. ഇതിനിടെ ജ്യോതി ശർമ്മ ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു എന്നും ഇവർ പറയുന്നു.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇവർ ഇപ്പോൾ ദുർഗിലെ ജയിലിലാണ്. സംഭവത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായും വിഷയത്തിൽ ഇടപെടണം എന്നാണ് സിബിസിഐ ആവശ്യപ്പെടുന്നത്. കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വം കോടതിയിൽ ഇന്ന് അപേക്ഷ നൽകും.