സിനിമ ഹിറ്റായതിന് പിന്നാലെ പ്രമുഖ നടന്റെ വസതിയിൽ 25 അംഗ ഐപിഎസ് സംഘം; അമ്പരന്ന് ആരാധകർ
മുംബയ്: നടൻ ആമിർ ഖാന്റെ വസതിയിൽ നിന്നും ഒരു സംഘം ഐപിഎസ് ഉദ്യോഗസ്ഥർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുംബയിലെ ബാന്ദ്രയിലുള്ള അത്യാഡംബര വസതിയിലെത്തിയ സംഘത്തിൽ 25 ഐപിഎസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ, എന്തിനാണ് ഇത്രയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വസതിയിലെത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ആമിർ ഖാനോ അദ്ദേഹത്തിന്റെ ടീമോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പൊലീസ് വൃത്തങ്ങളും ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പലരും പല തരത്തിലുള്ള നിഗമനങ്ങളാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ആമിർ ഖാന്റെ അടുത്തിടെ ഇറങ്ങിയ 'സിത്താരേ സമീൻപർ' വലിയ വിജയമായിരുന്നു. നേരത്തേ, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ഉന്നതർക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടൻ നടത്തിയിരുന്നു. അത്തരത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ടാകും എന്നാണ് ചിലർ പറയുന്നത്. സൗഹൃദ സന്ദർശനം ആകാമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, രാഷ്‌ട്രീയ നേതാവും പ്രാദേശിക വ്യവസായിയുമായ യൂസഫ് ഷെരീഫ് എന്നയാൾക്ക് ആമിർ ഖാൻ വിൽപ്പന നടത്തിയ റോൾസ് റോയ്‌സ് കാറുമായി ബന്ധപ്പെട്ട് അടുത്തിടെ കർണാടക പൊലീസ് പിഴ ചുമത്തിയിരുന്നു. 18 ലക്ഷം രൂപയാണ് ആമിർ ഖാന് പിഴയിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കാനാണോ പൊലീസുകാർ എത്തിയതെന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്. ഓഗസ്റ്റ് 14 മുതൽ 24 വരെ മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ആമിർ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് സംഭവം എന്നതും ശ്രദ്ധേയമാണ്.