അടിവസ്ത്രത്തിനുള്ളിൽ ആമകളെ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ, ഒന്ന് ചത്തുപോയി
വാഷിംഗ്ടൺ: അടിവസ്ത്രത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. രണ്ട് ആമകളെ ബ്രായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ട്രാസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ (ടിഎസ്എ) പതിവ് പരിശോധനകൾക്കിടെയാണ് ഫ്ളോറിഡ സ്വദേശിനിയായ യുവതി കുടുങ്ങിയത്. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആമകളെ പഞ്ഞിയിലും പ്ളാസ്റ്റിക്കിലുമായി പൊതിഞ്ഞാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത്. ഇതിനിടെ ഒരു ആമ ചത്ത് പോവുകയും ചെയ്തു. രണ്ടാമത്തെ ആമയെ ഫ്ളോറിഡ ഡിപ്പാർട്ട്മെന്റ് ഒഫ് ഫിഷ് ആന്റ് വൈൽഡ് ലൈഫിലേയ്ക്ക് മാറ്റി.
'നിങ്ങൾക്ക് വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ പറ്റണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആമകളോടൊപ്പവും യാത്ര ചെയ്യാം, എന്നാൽ സുരക്ഷിതമായിരിക്കണം എന്നുമാത്രം. ഇതിനുമുൻപ് വളർത്തുമൃഗങ്ങളുമായി വിമാനത്തിൽ യാത്ര ചെയ്യുന്നത് സംബന്ധിച്ച നിയമങ്ങൾ മനസിലാക്കിയിരിക്കണം. ചെറുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ടിഎസ്എ അനുവദിക്കാറുണ്ട്. ചെക്ക് പോയിന്റുകളിൽ ഇവയെ എത്തിക്കണം'- ടിഎസ്എ അറിയിച്ചു.
അനുവദനീയമായ കാരിയറുകളിൽ മാത്രമേ വിമാനത്തിനുള്ളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുകയുള്ളൂ. ഇവയെ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. വസ്ത്രങ്ങൾക്കുള്ളിൽ ഇവയെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കരുത്. മൃഗങ്ങളെ സംബന്ധിച്ച നിയമങ്ങൾ യാത്രക്കാർ മുൻകൂട്ടി എയർലൈനുമായി പരിശോധിക്കണമെന്നും ടിഎസ്എ വ്യക്തമാക്കി.