എട്ടാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; മികച്ച ശമ്പളം, 45 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം

Monday 28 July 2025 12:28 PM IST

കുടുംബശ്രീയിൽ പുത്തൽ തൊഴിലവസരം. ട്രൈബൽ ആനിമേറ്റർ കോ - ഓർഡിനേറ്റർ, ട്രൈബൽ ആനിമേറ്റർ എന്നീ തസ്‌തികകളിലേക്കാണ് നിയമനം. ഓഗസ്റ്റ് എട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. താൽക്കാലിക നിയമനമാണ്. അപേക്ഷകൾ തപാൽ മാർഗമാണ് അയക്കേണ്ടത്. അപേക്ഷകൾ അയക്കുന്നതിന് ഫീസ് ഈടാക്കുന്നതല്ല. എഴുത്തുപരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും യോഗ്യരായവരെ തിരഞ്ഞെടുക്കുക.

ട്രൈബൽ ആനിമേറ്റർ കോ - ഓർഡിനേറ്റർ

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം ഉള്ളവ‌ർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. 20 - 45 ആണ് പ്രായപരിധി. നിലവിൽ എസ്‌ടി ആനിമേറ്ററായി ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കുന്നവ‌ർക്ക് 16,000 രൂപ ശമ്പളമായി ലഭിക്കും. മാസത്തിൽ 2,000 രൂപ യാത്ര ചെലവിൽ അനുവദിക്കുന്നതാണ്. നിലവിൽ ഒരു ഒഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മാസത്തിൽ 20 ദിവസമാകും ജോലി.

ട്രൈബൽ ആനിമേറ്റർ

എട്ടാം ക്ലാസ് പാസായവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. 18 - 40 ആണ് പ്രായപരിധി. തിരഞ്ഞെടുക്കുന്നവർക്ക് മാസം 12,000 രൂപ ശമ്പളമായി ലഭിക്കും. ഈ തസ്‌തികയിൽ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. മാസത്തിൽ 20 ദിവസമാകും ജോലി.

അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് 'ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം-695004' എന്ന വിലാസത്തിലേക്ക് അയക്കുക.