അതിഥികൾക്ക് വരാൻ നൂറുകണക്കിന് വിമാനങ്ങൾ, 25000 ബോട്ടിൽ മദ്യം, ലോകത്തിൽ ഏറ്റവും വലിയ ആഘോഷത്തിന് ചെലവ് എത്രയായെന്നറിയുമോ?
ലോകത്ത് ഏറെ പ്രാധാന്യമർഹിക്കുന്ന ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമേറിയ സംസ്‌കാരം നിലവിലുള്ള നിരവധി രാജ്യങ്ങളുണ്ട്. നമ്മുടെ ഇന്ത്യയോടൊപ്പം, അഫ്‌ഗാൻ,ശ്രീലങ്ക, മംഗോളിയ, ചൈന, ഇറാൻ, ഇറാഖ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ അങ്ങനെ പല രാജ്യങ്ങൾക്കും അവരവരുടെ ബൃഹത്തായ സംസ്‌കാരത്തെ ലോകത്തിന് പരിചയപ്പെടുത്താനുണ്ട്. അത്തരത്തിലൊരു സംസ്‌കാരമുള്ള രാജവംശം അതിന്റെ വാർഷികാഘോഷം നടത്തിയതിന്റെ ചരിത്രമാണ് ഇവിടെ പറയാൻപോകുന്നത്.
പേർഷ്യൻ സാമ്രാജ്യത്തിന്റെ 2500-ാം വാർഷികം
അഞ്ച് പതിറ്റാണ്ടുമുൻപ് നടന്ന ആ ആഘോഷത്തെത്തുടർന്ന് രാജ്യത്തെ ജനങ്ങൾക്ക് ഭരണാധികാരിയോട് അപ്രിയം തോന്നുകയും വർഷങ്ങൾക്കകം ഒരു സായുധവിപ്ളവം വഴി ജനം അധികാരം പിടിച്ചടക്കുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും പണച്ചെലവേറിയ ആഘോഷമായിരുന്നു അത്. പേർഷ്യൻ സാമ്രാജ്യത്തിന്റെ 2500-ാം വാർഷികം ഇറാനിലെ ഭരണാധികാരിയായ മുഹമ്മദ് റേസ പെഹ്‌ലാവി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചത് 1971ലാണ്.
ചെലവഴിച്ചത് 100 മില്യൺ ഡോളർ
തന്റെ ഭരണത്തിന്റെ 30-ാം വാർഷികത്തിനാണ് മുഹമ്മദ് ഈ ആഘോഷം സംഘടിപ്പിച്ചത്. പഴയകാല പേർഷ്യൻ രാജാവ് സൈറസിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ഇറാനിലെ പെർസെപോളിസ് മരുഭൂമിയിലാണ് ആഘോഷം സംഘടിപ്പിച്ചത്. 65 രാജ്യങ്ങളിൽ നിന്നും അതിഥികൾ പങ്കെടുത്ത ആ ആഘോഷത്തിന് അന്ന് 100 മില്യൺ ഡോളറാണ് ഇറാൻ ഷാ ചെലവഴിച്ചത്.
പുതിയ റോഡുകളും കൊട്ടാരം പോലെ ടെന്റുകളും
ഒരു വർഷം സമയമെടുത്താണ് ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അന്ന് അധികം ഹോട്ടലുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ മരുഭൂമിയിൽ താൽക്കാലിക ടെന്റ് കെട്ടി അവിടം സജ്ജമാക്കി. റോഡുകൾ പുതുതായി നിർമ്മിച്ചു. ടെന്റുകൾ കൊട്ടാരം പോലെയാണ് തയ്യാറാക്കിയത്.
വിളമ്പിയത് 18 ടൺ ഭക്ഷണം, കുടിക്കാൻ 25,000 കുപ്പി വൈൻ
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ചക്രവർത്തിമാർ, രാജാക്കന്മാർ, ഭരണതലവന്മാർ, ബിസിനസ് തലവന്മാർ എന്നിങ്ങനെ പല മേഖലകളിലെയും കേമന്മാരെയെല്ലാം വിളിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആർഭാട ഹോട്ടലുകളിലെ പോലെ മികച്ച ആഹാരം വിളമ്പി. ഒന്നും രണ്ടുമല്ല 18 ടൺ ആഹാരമാണ് വിളമ്പിയത്. വിളമ്പുകാരായി ഉണ്ടായിരുന്നത് 180 പേരാണ്. അതിഥികൾക്കായി 25,000 ലധികം കുപ്പി വൈൻ ചെലവാക്കി. അതിലധികം ശുദ്ധജലവും ആഘോഷങ്ങൾക്കായി ഉപയോഗിച്ചു.
പുതിയ കാലത്തെ സൈറസ് താനാണെന്ന് പ്രഖ്യാപിക്കാനാണ് മുഹമ്മദ് റേസ പെഹ്‌ലാവി ആഘോഷം സംഘടിപ്പിച്ചത്. 1941ലാണ് അദ്ദേഹം ഇറാന്റെ ഷാ ആയി ഭരണത്തിലേറിയത്. യൂറോപ്യൻ ജീവിതരീതിയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്ന അദ്ദേഹം സ്‌ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചിരുന്നു, ഭൂമി വിവിധ ജനങ്ങൾക്കായി നൽകി, രാജ്യരക്ഷയ്‌ക്ക് ആണവപദ്ധതികൾ നടപ്പാക്കി, വ്യാവസായിക ഉൽപാദനം രാജ്യത്ത് നടപ്പാക്കിയതിനാൽ കയറ്റുമതിയിലും ഇറാൻ മുന്നിൽ നിന്നിരുന്നു.
ജലം ധൂർത്തടിച്ചതോടെ ജനം എതിരായി
എന്നാൽ രാഷ്‌ട്രീയപരമായും മതപരമായും തനിക്ക് എതിരെ നിന്നവരെ ഷാ അടിച്ചമർത്തുകയോ തടങ്കലിലാക്കുകയോ ചെയ്‌തിരുന്നു. രാജ്യത്തെ 51 ശതമാനം ജനങ്ങളും ബുദ്ധിമുട്ടുമ്പോഴായിരുന്നു മുഹമ്മദ് റേസ പെഹ്‌ലാവി മൂന്ന് ദിവസം മാത്രം നീളുന്ന നൂറ് കോടി ഡോളറിന്റെ ആഘോഷം സംഘടിപ്പിച്ചത്. ശുദ്ധജലം പോലും അന്ന് ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഈ സമയം മരുഭൂമിയിൽ ജലം ധൂർത്തടിച്ച് കളഞ്ഞതോടെ ജനങ്ങൾക്ക് ഷാ തങ്ങൾക്കൊപ്പമില്ല എന്ന തോന്നലുണ്ടായി. ഇത് പ്രതിപക്ഷ കക്ഷികൾക്ക് ഊർജം പകർന്നു. അവർ വിവിധ തലത്തിൽ ഷായ്‌ക്കെതിരെ പ്രതിഷേധിക്കാൻ തുടങ്ങി.
പ്രതിഷേധം കനക്കുന്നത് കണ്ട് മുഹമ്മദ് റേസ പെഹ്‌ലാവി മൂന്ന് വർഷങ്ങൾക്ക് ശേഷം ജനത്തോട് മാപ്പ് പറഞ്ഞു. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ജനങ്ങൾ കൂട്ടത്തോടെ പ്രതികരിക്കുകയും 1979 ഫെബ്രുവരിയിൽ പ്രശസ്‌തമായ 'ഇറാനിയൻ വിപ്ളവം' അരങ്ങേറുകയും ചെയ്‌തു. ഷായും കുടുംബവും രാജഭരണം ഉപേക്ഷിച്ച് നാടുവിട്ടുപോകേണ്ടി വന്നു. അന്നുവരെ വിദേശത്തായിരുന്ന മതനേതാവ് അയത്തൊള്ള ഖൊമൈനി ഇറാനിലെത്തി അധികാരം നേടി. അങ്ങനെ 2500ലേറെ വർഷം പഴക്കമുള്ള ഭരണം അവസാനിക്കാൻ ഒരു ആഘോഷം ഇടയാക്കി.