കന്യാസ്ത്രീകളെ വിട്ടയക്കണം
Tuesday 29 July 2025 12:10 AM IST
കോട്ടയം : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ വിട്ടയക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി. നിയമപരമായ എല്ലാ രേഖകളോടെയും യാത്ര ചെയ്ത കന്യാ സ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്രൈസ്തവ പുരോഹിതന്മാരെയും, കന്യാസ്ത്രീകളെയും നിരന്തരം ആക്രമിക്കുന്നതും അപമാനിക്കുന്നതും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടർക്കഥയാകുകയാണ്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.