വൈക്കത്ത് വഴിമാറിയത് വൻദുരന്തം.... അപകടമുനമ്പിലൂടെ യാത്ര, ജലരേഖയായി നിർദ്ദേശങ്ങൾ

Tuesday 29 July 2025 12:41 AM IST

കോട്ടയം : 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ട് ദുരന്തത്തിന്റെ 23-ാം വാർഷികം കഴിഞ്ഞ ദിവസം ആചരിച്ച വേളയിൽ വൈക്കത്ത് മറ്റൊരു മഹാദുരന്തത്തിൽ നിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് ജില്ല.

എന്നാൽ കാൽനൂറ്റാണ്ടിനിപ്പുറവും ജലസുരക്ഷ ചോദ്യ ചിഹ്നമാകുകയാണ്. പടിഞ്ഞാറൻമേഖലയുടെ യാത്രാദുരിതത്തിന് പരിഹാരമേകാൻ ജലഗതാഗതവകുപ്പന്റെ യാത്രാ ബോട്ടുകൾക്കൊണ്ട് കഴിയില്ല. സ്വകാര്യ ബോട്ടുകളും വള്ളങ്ങളും ശിക്കാരകളും ഉൾപ്പെടെയാണ് ആശ്രയം. വിനോദസഞ്ചാരികൾക്കായി ഹൗസ് ബോട്ടുകളുമുണ്ട്. ഇവയെല്ലാം കൂടി ചേരുമ്പോൾ വേമ്പനാട്ടുകായലിൽ എപ്പോഴും തിരക്കാണ്. പക്ഷേ സുരക്ഷ പേരിൽ മാത്രം ഒതുങ്ങുകയാണ്.

പുല്ലു ചെത്താനും മത്സ്യബന്ധനത്തിനും ചെളികുത്താനും മറ്റ് സാധന സാമഗ്രികൾ കൊണ്ടുപോകാനുമൊക്കെ എൻജിൻവച്ച വള്ളങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം വള്ളങ്ങൾ പിന്നോട്ടെടുക്കാനോ വളയ്ക്കാനോ കഴിയില്ല. അമിത വേഗത്തിൽ പായുമ്പോൾ പലപ്പോഴും അപകടത്തിൽപ്പെടും. സ്ഥിരം സഞ്ചരിക്കുന്നവരായതിനാലും നീന്തൽ അറിയാവുന്നവരായതിനാലും രക്ഷപ്പെടാമെന്ന് മാത്രം. റോഡിൽ ടാക്സി വിളിക്കും പോലെയാണ് പടിഞ്ഞാറൻ മേഖലകളിൽ വള്ളങ്ങളുടെ ഉപയോഗം. എത്ര ആളുകളുണ്ടെങ്കിലും സുരക്ഷ നോക്കാതെ കുത്തിക്കയറ്റുകയാണ്. ഇതാണ് അപകടങ്ങൾക്ക് വഴിമരുന്നിടുന്നത്. വൈക്കം മുറിഞ്ഞപ്പുഴയിൽ സംഭവിച്ചതും ഇതാണ്.

ജലഗതാഗതവകുപ്പിന് 8 ബോട്ടുകൾ

കോട്ടയം,​ ചങ്ങനാശേരി,​ വൈക്കം സ്റ്റേഷനുകളിൽ നിന്നാണ് ജലഗതാഗതവകുപ്പ് സർവീസ് നടത്തുന്നത്. നൂറിലേറെ ഹൗസ്‌ബോട്ടുകൾ കുമരകം മേഖലയിൽ മാത്രമുണ്ട്. ഇതിലുമേറെ ശിക്കാര ബോട്ടുകൾ, ഫൈബർ ബോട്ടുകൾ എന്നിവയും. റിസോർട്ടുകളിൽ ഉൾപ്പെടെ സ്പീഡ് ബോട്ടുകളുമുണ്ട്. ഇതിനൊപ്പമാണ് സാധാരണക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും വള്ളങ്ങൾ. ഇവയൊന്നും പരിശോധിക്കാറില്ല.

പാലിക്കപ്പെടാത്ത നിയമം

എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കെല്ലാം ലൈസൻസ് വേണം

 ആളുകളെ കയറ്റുമ്പോൾ ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷ

 എണ്ണം അനുസരിച്ച് മാത്രം ആളുകളെ കയറ്റണം

 ഇൻഷ്വറൻസ് പരിരക്ഷ,​ രജിസ്ട്രേഷൻ,​ കൃത്യമായ അറ്റകുറ്റപ്പണി

വൈക്കം 4 യാത്രാ ബോട്ടുകൾ,​ 1 രക്ഷാ ബോട്ട്

കോട്ടയം 3 യാത്രാ ബോട്ടുകൾ

ചങ്ങനാശേരി 1 യാത്രാ ബോട്ട്