പുരുഷാർത്ഥങ്ങളും താരക മന്ത്രവും
'മനനാത് ത്രായതേ ഇതി മന്ത്ര."- മനനംകൊണ്ട് രക്ഷപ്പെടുത്തുന്നതാണ് മന്ത്രങ്ങൾ. രാമമന്ത്രം ജന്മരക്ഷക മന്ത്രമാണ്. നരനും നാരായണനും ഒരാളിൽത്തന്നെ അന്തർഭവിച്ചിരിക്കുന്നതിനാൽ നരനിലെ നാരായണനെ കണ്ടെത്തുകയാണ് രാമായണത്തിന്റെ ലക്ഷ്യം. ഉത്തമമായ രാജനീതി വരച്ചുകാട്ടുന്ന രാമായണം, സത്യകാംക്ഷികളായ ജനങ്ങളാൽ പരിത്യക്തരാക്കപ്പെടുന്ന ദുർവൃത്തരായ ഭരണാധികാരികൾക്ക് ഉത്തമ ജീവിതചര്യയ്ക്കുള്ള ഉത്തമമായ ഔഷധമാണ്.
മനുഷ്യജീവിതത്തിന്റെ അർത്ഥം പുരുഷാർത്ഥങ്ങളെ നേടുക എന്നതാണ്. ധർമ്മാർത്ഥ കാമമോക്ഷങ്ങളിൽ മോക്ഷ സാധകമായ രാമനാമം സർവപ്രധാനമാണ്. രാമായണം വായിക്കുകയല്ല, പഠിക്കുകയാണ് വേണ്ടത്. ജീവിതത്തിൽ പല വിശിഷ്ടഗ്രന്ഥങ്ങളും വേണ്ടവിധം പഠിക്കാതെ വെറുതെ വായിക്കുന്നതുകൊണ്ടാണ് മനസിൽ പതിയാത്തതും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്തതും. കർമ്മശുദ്ധിയിലേക്കുള്ള മനഃപരിവർത്തനത്തിന് കാരണമാകണമെങ്കിൽ അന്വേഷണത്തിന്റെ സത്യസന്ധത നിലനിറുത്തണം.
ആത്മപരിശോധനാപരമല്ലാത്ത അവികസിതത്വംകൊണ്ട് അജ്ഞാന തിമിരാന്ധതയിൽപ്പെട്ട് ഉഴലുന്ന മനസിനെ സചേതനമാക്കുവാൻ രാമായണം പകരുന്ന മഹനീയ സംഭാവനകൾ അമൂല്യങ്ങളാണ്. 'സന്തുഷ്ടരായ്, സമദൃഷ്ടികളായ് ബഹുജന്തുക്കളിൽ ദ്വേഷഹീനമതികളായ്, ശാന്തരായ് നിന്നെ ഭജിപ്പവർ തന്നുടെ" ഹൃദയമാണ് ഈശ്വരനു വസിക്കാൻ സുഖാനുപൂർണമായ മന്ദിരം എന്ന് രാമായണം സൂക്ഷ്മനിരീക്ഷണം ചെയ്യുന്നുണ്ട്. രണ്ട് ബീജാക്ഷരങ്ങൾ പൂർണമായി രാമനാമത്തിൽ സംയോജിക്കുന്നതുകാണാം. രാമനും രമയും ചേർന്ന രാമായണം പുരുഷനും പ്രകൃതിയും ചേർന്നുള്ള ജീവിത അയനത്തിന്റെ കഥപറയുന്നു.
അഥർവ വേദത്തിൽ കാണുമ്പോലെ 'ധർമ്മത്താലാണ് ഭൂമി സംരക്ഷിക്കപ്പെടുന്നത്" എന്ന് മനുഷ്യവംശത്തെ പഠിപ്പിക്കുവാൻ അവതാരമെടുത്ത രാമൻ സാക്ഷാൽ മഹാവിഷ്ണുവാണ്. മഹാലക്ഷ്മിയാണ് സീത. ലക്ഷ്മണനാകട്ടെ അനന്തനും. ഭക്ത്യനുരാഗ പരഭാവമായിരിക്കുന്ന ഈശ്വരചൈതന്യം താരക ബ്രഹ്മമാണ്. തരണം ചെയ്യിക്കുന്നതാണ് താരകം. ജീവിതസംഘർഷങ്ങളിൽ നിന്നും ഭൗതിക ദുഃഖങ്ങളിൽ നിന്നും മനുഷ്യകുലത്തെ ത്രാണനം ചെയ്യുന്ന താരക മന്ത്രമാണ് ശ്രീരാമായണം. അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ആത്മജ്ഞാത്തിന്റെ പ്രകാശത്തിലേക്കുള്ള അനുസ്യൂത പ്രയാണമാണ് അത്.