ഉച്ചക്കഞ്ഞിക്ക് അരിയില്ല, കാലിച്ചാക്ക് സമരവുമായി കെ.പി.എസ്.ടി.എ
തൊടുപുഴ : സ്‌കൂൾ ഉച്ചഭക്ഷണത്തിലുള്ള അരി മാസാവസാനമായിട്ടും ലഭ്യമാക്കാൻ ഡിപ്പാർട്ട്‌മെന്റിനോ ഗവൺമെന്റിനോ സാധിക്കാത്തത് പദ്ധതിയെ ഗുരുതരമായി ബാധിച്ചതായി കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എം നാസർ . കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുമ്പിൽ നടന്ന കാലിചാക്ക് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒന്നാം തീയതി ലഭിക്കേണ്ട അരി ഇതുവരെയും നൽകിയിട്ടില്ല.വിദ്യാഭ്യാസ ഓഫീസർമാരെയടക്കം കണ്ട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ല. പൊതുവിപണിയിൽ നിന്ന് അരി വാങ്ങിയാണ് പല സ്‌കൂളുകളും ഇതുവരെയും ഉച്ചഭക്ഷണം മുടങ്ങാതെ നടത്തിക്കൊണ്ടുപോയിട്ടുള്ളത്. ജൂൺ മാസത്തിലും അരി കിട്ടാത്ത പ്രതിസന്ധി ഉണ്ടായി. സിവിൽ സപ്ലൈസ് ഗോഡൗണിൽ അരി ഇറക്കുന്നതിനുള്ള കൂലി തർക്കമാണ് ലഭ്യമാക്കുന്നതിന് തടസ്സമായിട്ടുള്ളത് എന്നാണ് അവർ പറയുന്നത്. അരി ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കെ.പി.എസ്.ടി.എ മുന്നോട്ട് പോകുമെന്നും ഉച്ചഭക്ഷണം നൽകുന്നത് നിർത്തി വയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിർവാഹക സമിതി അംഗം ബിജോയ് മാത്യു അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി സുനിൽ ടി തോമസ് , ട്രഷറർ ഷിന്റോ ജോർജ് , സംസ്ഥാന കൗൺസിലർ സജി മാത്യു , ഭാരവാഹികളായ ബിജു ഐസക് , ജിബിൻ ജോസഫ് , ദീപു ജോസ് , ലിജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു.