ഇൻകംടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
ചോറ്റാനിക്കര; ഇൻകംടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചോറ്റാനിക്കര സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കടുങ്ങല്ലൂർ പാനായിക്കുളം കരയിൽ പുതിയറോഡ് ഭാഗത്ത് മുക്കത്തുവീട്ടിൽ ബിജുവെന്ന് വിളിക്കുന്ന തോമസ് സെബാസ്റ്റ്യനെയാണ് (55) ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്തത്.
ഇൻകം ടാക്സ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ പ്രതി ചോറ്റാനിക്കര സ്വദേശിനിയുമായി സൗഹൃദം നടിച്ച് 2022 മുതൽ 2025 വരെയുള്ള കാലയളവിൽ ഭീഷണിപ്പെടുത്തി പലതവണകളായി 89,75000രൂപ അപഹരിച്ചെന്നാണ് കേസ്. ഇയാൾ മുമ്പും സമാന കേസുകളിലും ചെക്ക് കേസുകളിലും ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശ പ്രകാരം പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻെറ നേതൃത്വത്തിൽ രൂപീകരിച്ച ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചോറ്റാനിക്കര ഇൻസ്പെക്ടർ കെ.എൻ. മനോജ്, എസ്.ഐമാരായ സതീഷ്‌കുമാർ, അനിൽകുമാർ, എ.എസ്.ഐമാരായ രാജലക്ഷ്മി, എൽദോസ്, സി.പി.ഒ ശ്രീരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.