ഫണ്ടില്ല: തെരുവുനായ വന്ധ്യംകരണം തുലാസിൽ

Tuesday 29 July 2025 2:31 AM IST

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്താത്തതിനെ തുടർന്ന് സംസ്ഥാനത്തെ തെരുവ് നായ വന്ധ്യം കരണവും പേവിഷ പ്രതിരോധവും പാളുന്നു. തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണങ്ങളും വർദ്ധിക്കുമ്പോഴാണ് ഈ അനാസ്ഥ. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങൾ പുതിയ സാമ്പത്തിക വർഷത്തേക്ക് വകയിരുത്തിയ പണം ലഭ്യമാക്കിയാലേ പദ്ധതി പുനഃരാരംഭിക്കാനാകൂ. ഒരു നായയെ വന്ധ്യംകരിക്കാനും വാക്സിനേഷനുമായി 2,100 രൂപ വീതമാണ് ഗ്രാമപഞ്ചായത്തുകൾ വകയിരുത്തേണ്ടത്. നായ്ക്കളുടെ എണ്ണത്തിനനുസരിച്ച് ഒന്ന് മുതൽ മൂന്ന് ലക്ഷം രൂപവരെയാണ് ഒരു വർഷത്തേക്ക് പരമാവധി പദ്ധതിക്കായി വകയിരുത്തുന്നത്. ഈവർഷം സംസ്ഥാനത്ത് ഒരുഡസനോളം പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.

ഈവർഷം ജനുവരിയിൽ 12,325 നായ്‌ക്കൾക്ക് വാക്‌സിൻ നൽകിയെന്നും 41,300 വന്ധ്യംകരണം നടത്തിയെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. എന്നാൽ ഏപ്രിലിലെ കണക്കനുസരിച്ച് ഇതിന്റെ ശരാശരി 3358 ആയി. 2030ഓടെ രാജ്യം പേവിഷ മുക്തമാക്കാനുള്ള ശ്രമത്തനിടെയാണ് പദ്ധതി പാളുന്നത്.

 പകുതി ജില്ലകളിലും പദ്ധതി നിലച്ചു

ജില്ലകളിൽ പകുതിയിലും പദ്ധതി പൂർണമായും നിലച്ചു. കേരള ആനിമൽ വെൽഫയർ അസോസിയേഷന്റെയും ഇന്ത്യൻ ഇമ്യുണോളജിക്കൽസ് ലിമിറ്റഡിന്റെയും സി.എസ്.ആർ ഫണ്ടിന്റെ സഹായത്തോടെ ചുരുക്കം ജില്ലകളിൽ മാത്രമാണ് പദ്ധതി തുടരുന്നത്. ജൂൺ- ജൂലായ് മാസങ്ങളിലായി തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിക്ക് തുക വകയിരുത്തി ടെൻഡർ പൂർത്തിയാക്കി പദ്ധതി പുനഃരാരംഭിക്കാൻ ഇനിയും ഒന്നരമാസമെങ്കിലുമെടുക്കും.

വാക്സിനേഷനും വന്ധ്യം കരണവും

(വർഷം.....മാസം...വാക്സിനേഷൻ....വന്ധ്യംകരണം)

 2024 ഡിസംബർ....12,325........54,134

 2025 ജനുവരി........12,903........67,035

 2025 ഫെബ്രുവരി....8,847........79,038

 2025 മാർച്ച്..............9,706........88,744

 2025 ഏപ്രിൽ...........3,358..........3,358

 തെരുവുനായ്ക്കൾ...........7 ലക്ഷം

 എ.ബി.സി സെന്ററുകൾ....16

പേവിഷ മരണം

2020..................... 5

2021.....................11

2022.....................27

2023.....................25

2024.....................26

2025 (മേയ് വരെ ).......12

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യമായാലേ ജനനനിയന്ത്രണവും പേവിഷപ്രതിരോധവും പൂർവസ്ഥിതിയിലാകൂ. സംസ്ഥാനത്തെ പകുതിയിലധികം ജില്ലകളിൽ എ.ബി.സി സെന്ററുകൾ അടഞ്ഞുകിടക്കുകയാണ്

- എ.ബി.സി പ്രോജക്ട് വിഭാഗം, മൃഗസംരക്ഷണവകുപ്പ്