വോട്ടർ പട്ടികയിൽ ഒഴിവാക്കലല്ല, ചേർക്കലാണ് വേണ്ടത്; ബീഹാർ വോട്ടർ പുതുക്കലിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം
ആധാർ സ്വീകരിക്കണമെന്ന നിലപാടിലുറച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ ആധികാരിക രേഖയായി ആധാർ കാർഡും,വോട്ടർ ഐഡിയും സ്വീകരിക്കണമെന്ന് കടുപ്പിച്ച് സുപ്രീംകോടതി. രണ്ടും സ്വീകരിക്കാൻ കഴിയില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് വിമർശനത്തോടെ തള്ളി. വോട്ടർപട്ടികയിൽ കൂട്ടായ ഒഴിവാക്കലല്ല,ചേർക്കലാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
രണ്ടു രേഖകളും ഒഴിവാക്കണമെന്ന് പറയുന്നതിന്റെ യുക്തി എന്തെന്നും ആരാഞ്ഞു. ബീഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഏകപക്ഷീയമെന്നും ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി 'ഇന്ത്യ' മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും,സന്നദ്ധ സംഘടനകളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ആധാർ കാർഡും,വോട്ടർ ഐഡിയും സ്വീകരിക്കണമെന്ന് ജൂലായ് 10ന് വിഷയം പരിഗണിക്കവെ കോടതി താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ,ആധാർ തിരിച്ചറിയലിന് വേണ്ടി മാത്രമുള്ളതാണെന്നും പൗരത്വം തെളിയിക്കുന്നതല്ലെന്നും കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കമ്മിഷൻ ഇപ്പോൾ സ്വീകരിക്കുന്ന രേഖകളും വ്യാജമായി നിർമ്മിക്കാൻ കഴിയുന്നതല്ലേയെന്നും ചോദിച്ചു.
നടപടികൾ തടഞ്ഞില്ല
ബീഹാറിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നടപടികളുമായി കമ്മിഷന് മുന്നോട്ടു പോകാം. സ്റ്റേ ചെയ്യാനാകില്ലെന്ന് നേരത്തെ തന്നെ വ്യക്തത വരുത്തിയിരുന്നതാണ്. എന്തെങ്കിലും കുഴപ്പം കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും പട്ടിക റദ്ദാക്കാൻ കഴിയുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.