മഴക്കാലത്ത് വീടിനുള്ളിൽ തുണികൾ വിരിച്ചിടാറുണ്ടോ? ചെയ്യുന്നത് വലിയ തെറ്റ്
മഴക്കാലത്ത് നാം നേരിടുന്ന പ്രധാന പ്രശ്നമാണ് തുണി ഉണക്കുന്നത്. മിക്കവരും വീടിനുള്ളിൽ തന്നെ തുണി വിരിച്ചിട്ട് ഉണക്കാറാണ് പതിവ്. എന്നാൽ ഇത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരത്തിൽ നനഞ്ഞ തുണികൾ മുറിക്കുള്ളിൽ ഉണ്ടെങ്കിൽ ഈർപ്പം തങ്ങി നിൽക്കുകയും അതുമൂലം ഫംഗസിന്റെ സാന്നിദ്ധ്യം ഉണ്ടാവാൻ ഇടയാകുകയും ചെയ്യുന്നു. അലർജി ഉള്ളവർക്കും ചെറിയ കുട്ടികൾക്കും ഇത് വളരെ ദോഷമാണ്.
കൂടാതെ മുറിക്കുള്ളിൽ ഈർപ്പം തങ്ങി നിന്നാൽ പൂപ്പൽ ബാധ ഉണ്ടാകുന്നു. ഇത് ഗുരുതര രോഗങ്ങൾക്ക് കാരണമാകാം. മഴക്കാലത്ത് തുണികൾ ഉണക്കിയെടുക്കാൻ വീടിനുള്ളിൽ വിരിച്ചിടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം. മുറിയിൽ വസ്ത്രം വിരിച്ചിടുമ്പോൾ ജനാലകളും വാതിലുകളും തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വായുസഞ്ചാരം ഉറപ്പാക്കുകയും ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
അടച്ചിട്ട മുറിയിൽ ഒരിക്കലും നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ വിരിച്ചിടരുത്. ഇത് മുറിയിൽ ദുർഗന്ധത്തിന് കാരണമാകും. മുറിയിൽ വസ്ത്രങ്ങൾ വിരിക്കുമ്പോൾ പരമാവധി അകലം പാലിക്കുക. ഇത് വസ്ത്രങ്ങൾ പൂർണമായും ഉണങ്ങുന്നതിന് സഹായിക്കുന്നു. കിടപ്പുമുറിയിൽ നനഞ്ഞ തുണി വിരിച്ചിടരുത്. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നു. റൂമിൽ ഈർപ്പം തങ്ങിനിന്ന് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും ജലദോഷത്തിനും കാരണമായേക്കാം. അതിനാൽ മുറിയിൽ നനഞ്ഞ തുണി ഇടുന്നത് ഒഴിവാക്കുക.