'കോടതി വിധി മാനിക്കണം'; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന വാർത്തകൾ തള്ളി തലാലിന്റെ സഹോദരൻ

Tuesday 29 July 2025 12:11 AM IST

സന: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അബ്ദുൽ ഫത്താഹ് മഹ്ദിയുടെ പ്രതികരണം. തങ്ങൾ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിക്കുന്നുവെന്നും കാന്തപുരം തന്നെ ബന്ധപ്പെട്ട സംഘടന ഏതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കുറിച്ചു. മലയാള മാദ്ധ്യമങ്ങളുടെ വാർത്തകൾ അടക്കം പങ്കുവച്ചാണ് ഇക്കാര്യം അബ്ദുൽ ഫത്താഹ് മഹ്ദി അറിയിച്ചത്.

'ഞങ്ങൾ അത് തള്ളിക്കളയുന്നു. പ്രചാരകന്‍ കാന്തപുരം തന്നെ ബന്ധപ്പെട്ട ആ സംഘടന എന്തെന്ന് വ്യക്തമാക്കണം. ഇത്തരം കള്ളവാർത്തകൾ വീണ്ടും പ്രചരിപ്പിക്കരുത്. ഏത് ടെലിവിഷൻ ചാനലായാലും ഞങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കണമെന്നാവശ്യപ്പെടുന്നു, ഞങ്ങൾ സത്യം പറയും. അവരുടെ പകുതിയും പുറത്ത് വരും. നമ്മുടെ ഇസ്ലാം മതം, മനുഷ്യത്വം നഷ്ടപ്പെട്ട കൊലപാതകിയോട് ദയ കാണിക്കാനുള്ള വ്യാഖ്യാനങ്ങളെയും നീതികേടായ പരിതാപങ്ങളെയും തള്ളിപ്പറയുന്നു. ഒരു കൊലപാതകത്തിന് മാപ്പ് തേടാനോ, അതിന്റെ ക്രൂരത മറയ്ക്കാനോ മതം പറയുന്നില്ല. അതുപോലെ തന്നെ, നമ്മുടെ യെമനിലെ ഭരണഘടനയും നീതിവ്യവസ്ഥയും നീതിയുള്ള ഇസ്ലാം മതത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ തന്നെ, കോടതി കൊലയാളിക്ക് വിധിച്ച ശിക്ഷയെ മാനിക്കേണ്ടത് കടമയാണ്, അതിൽ അലംഭാവം കാണിക്കാനാകില്ല'- അദ്ദേഹം കുറിച്ചു.