പാക് സൈന്യം ലഷ്കറെ ത്വയ്ബയ്‌ക്ക് വിട്ടുകൊടുത്ത കമാൻഡോയെന്ന് നിഗമനം

Tuesday 29 July 2025 12:55 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ഉറപ്പിക്കുന്നതാണ് ഹാഷിം മൂസയുടെ പശ്ചാത്തലമെന്ന നിഗമനത്തിലാണ് ഏജൻസികൾ. പാക് കരസേനയിലെ സ‌്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ (എസ്.എസ്.ജി) പാരാ കമാൻഡോ ആയിരുന്ന ഹാഷിം മൂസയെ ലഷ്കറെ ത്വയ്ബയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു എന്ന സംശയമാണ് ഉയരുന്നത്. കാശ്‌മീരിലെ ബാരാമുള്ള, ഗഗൻഗിർ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഈ ഭീകരന് പങ്കുണ്ടെന്നാണ് കരുതുന്നത്. രണ്ടു വർഷം മുൻപാണ് രാജ്യത്ത് പ്രവേശിച്ചത്. വനപ്രദേശങ്ങളിൽ ടെന്റുകളിലും ഗുഹകളിലും താമസിക്കുകയായിരുന്നു.

 ആയുധശേഖരവും

ഏറ്റുമുട്ടൽ നടന്ന മേഖലയിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം കണ്ടെത്തി. യു.എസിൽ നിർമ്മിക്കുന്ന എം4 കാർബൈൻ റൈഫിൾ, രണ്ട് എ.കെ റൈഫിളുകൾ, ഗ്രനേഡുകൾ അടക്കമാണിത്. അടുത്ത ഭീകരാക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന നിഗമനത്തിലാണ് ഏജൻസികൾ. അതിന്റെ ഭാഗമായാണ് ആയുധങ്ങൾ ശേഖരിച്ച് സജ്ജരായതെന്നും സംശയിക്കുന്നു.

 മൂന്നു പേരും പാക് പൗരന്മാർ

സേന വധിച്ച മൂന്നു ഭീകരരും പാക് പൗരന്മാരെന്ന് ശ്രീനഗർ എസ്.എസ്.പിയായ ജി.വി. സുൻദീപ് ചക്രവർത്തി പറഞ്ഞു. മൂന്നു പേരും ലഷ്കറെ ത്വയ്ബ ഭീകരരാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സമയമെടുക്കുമെന്ന് കാശ്‌മീർ സോൺ ഐ.ജി വിധികുമാർ ബിർദി വ്യക്തമാക്കി. കൊല്ലപ്പെട്ട ജിബ്രാൻ, 2023ലെ സോനാമാർഗ് തുരങ്കം ആക്രമണത്തിൽ പ്രധാന പങ്കുണ്ടായിരുന്ന ഭീകരനാണെന്ന് ഏജൻസികൾ പറയുന്നു. ഒരു ഡോക്‌ടർ അടക്കം ഏഴു പേരാണ് അന്നത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.