ഓടും, ചാടും, ഇടിക്കും... ഷാങ്ങ്ഹായ് കീഴടക്കി റോബോട്ടുകൾ
ബീജിംഗ്: ആറടി നീളമുള്ള ഭീമൻമാർ മുതൽ പുറകിലേക്ക് ചാടുന്ന നായകൾ വരെ. പക്ഷേ എല്ലാം റോബോട്ടുകളാണെന്ന് മാത്രം. ചൈനയിലെ ഷാങ്ങ്ഹായ്‌യിൽ ശനിയാഴ്ച തുടങ്ങിയ വാർഷിക എ.ഐ കോൺഫറൻസിലെ കാഴ്ചകളാണിത്. ആയിരക്കണക്കിന് സന്ദർശകരാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന റോബോട്ടിക് വിസ്മയങ്ങൾ കാണാനെത്തിയത്.
150ലേറെ ഹ്യൂമനോയ്ഡ് റോബോട്ടുകളാണ് (മനുഷ്യ ശരീരത്തിന്റെ ആകൃതിയിലും ചലനത്തിലും സാമ്യമുള്ളതും മനുഷ്യന്റെ ഇടപെടലുകൾ, ചലനങ്ങൾ എന്നിവ അനുകരിക്കുന്നതുമായ റോബോട്ട്) കോൺഫറൻസിൽ പ്രദർശിപ്പിക്കപ്പെട്ടത്. പോപ്പ്കോണും പാനിയങ്ങളും വിതരണം ചെയ്യുക, മുട്ടയുടെ പുറംതോട് നീക്കുക, ഗെയിം കളിക്കുക, ഡ്രമ്മും പിയാനോയും വായിക്കുക, ബോക്സിംഗ് നടത്തുക ... തുടങ്ങിയ പലതരത്തിലെ ദൗത്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള റോബോട്ടുകളെ കോൺഫറൻസിൽ കാണാമായിരുന്നു.
800ലേറെ കമ്പനികളുടെ 3,000ത്തിലേറെ എ.ഐ ഉത്പന്നങ്ങളാണ് കോൺഫറൻസിന്റെ ഭാഗമായത്. റോബോട്ടിക്സിൽ യു.എസിനെ പിന്നിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ശതകോടീശ്വരൻ ഇലോൺ മസ്ക് അവതരിപ്പിച്ച ടെസ്‌ല ഒപ്‌റ്റിമസ് റോബോട്ടിന് വെല്ലുവിളി ഉയർത്താൻ 'ആർ 1" എന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്ന് ഹാങ്ങ്ഷൂ ആസ്ഥാനമായുള്ള യുണിട്രീ കമ്പനി കോൺഫറൻസ് തുടങ്ങുന്നതിന് മുന്നേ പ്രഖ്യാപിച്ചിരുന്നു.
6,000 ഡോളറാണ് (5,20,600 രൂപ) ആർ 1ന്റെ ചെലവ്. തലകുത്തിമറിയാനും മുഷ്ടിചുരുട്ടി ഇടിക്കാനും ഓടാനുമൊക്കെ ആർ 1ന് കഴിയും. 55 പൗണ്ടാണ് ആർ 1ന്റെ ഭാരം. വഴക്കമുള്ള ചലനത്തിന് 26 ജോയിന്റുകളുള്ള ആർ 1ൽ വോയ്സ് ആൻഡ് ഇമേജ് റെക്കഗ്നിഷൻ അടക്കം മൾട്ടിമോഡൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സജ്ജീകരിച്ചിട്ടുണ്ട്. കമ്പനി പുറത്തുവിട്ട ആർ 1ന്റെ വീഡിയോ ഇതിനോടകം വൈറലായി.
ആർ 1 വിജയിച്ചാൽ എ.ഐ ലോകത്തെ വിപ്ലവകരമായ മുന്നേറ്റമാകുമെന്ന് കരുതുന്നു. നിലവിൽ 77 ലക്ഷം രൂപയുടെ എച്ച് 1 എന്ന ഹ്യൂമനോയ്ഡ് റോബോട്ട് യുണിട്രീ വിൽക്കുന്നുണ്ട്. കമ്പനിയുടെ 13.8 ലക്ഷം രൂപ വിലവരുന്ന ജി 1 എന്ന റോബോട്ടിനെ ചൈനയിലെ ചില ലാബുകളിലും സ്കൂളിലും അവതരിപ്പിച്ചിരുന്നു.