യുക്രെയിൻ: റഷ്യയ്‌ക്ക് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

Tuesday 29 July 2025 7:06 AM IST

എഡിൻബറ : പത്തോ പന്ത്രണ്ടോ ദിവസത്തിനുള്ളിൽ യുക്രെയിനിലെ വെടിനിറുത്തലിനുള്ള കരാറിൽ ധാരണയിലെത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഇക്കാര്യത്തിൽ തന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സമയപരിധിക്കുള്ളിൽ കരാറിൽ ധാരണയായില്ലെങ്കിൽ വളരെ കഠിനമായ തീരുവകൾ റഷ്യക്കും അവരുടെ വ്യാപാര പങ്കാളികൾക്കും മേൽ ചുമത്തും " - സ്കോട്ട്‌ലൻഡ് സന്ദർശനത്തിലുള്ള ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

50 ദിവസത്തിനുള്ളിൽ വെടിനിറുത്തൽ ധാരണയിലെത്തണമെന്നാണ് ഈ മാസം 14ന് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. വെടിനിറുത്തൽ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ച തുർക്കിയിലെ ഇസ്‌താംബുളിൽ യുക്രെയിൻ,​ റഷ്യ പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. യുക്രെയിൻ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെങ്കിലും റഷ്യയുടെ ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പുട്ടിൻ വ്യക്തമാക്കിയിരുന്നു.