'വർഷങ്ങൾക്ക് മുൻപുതന്നെ അവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു, എന്നാൽ'; ഒടുവിൽ വെളിപ്പെടുത്തൽ നടത്തി സുപ്രിയ
സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നിരന്തരം അധിക്ഷേപം നടത്തുന്ന യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തി നിർമാതാവും നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ക്രിസ്റ്റീന എൽദോ എന്ന യുവതി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
'ഇതാണ് ക്രിസ്റ്റീന എൽദോ, എന്നെക്കുറിച്ച് പോസ്റ്റ് ചെയ്യുന്ന എല്ലാ അക്കൗണ്ടിലും പോയി ഇവർ നിരന്തരം എനിക്കെതിരെ അധിക്ഷേപ കമന്റുകൾ ഇടാറുണ്ട്. സ്ഥിരമായ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി എന്നെക്കുറിച്ച് പോസ്റ്റ് ഇടും. ഇവരുടെ മിക്ക അക്കൗണ്ടുകളും ഞാൻ ബ്ലോക്കും ചെയ്തു. വർഷങ്ങൾക്ക് മുൻപ് തന്നെ ഇവർ ആരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇവർക്ക് ഒരു ചെറിയ മകനുള്ളതിനാൽ ഞാൻ പ്രതികരിച്ചില്ല. ഇവർ മുഖത്ത് ഇട്ടിരിക്കുന്ന ഫിൽറ്റർ പോലും ഇവരുടെ ഉള്ളിലെ മോശമായ സ്വഭാവം മറയ്ക്കാൻ പര്യാപ്തമല്ല'- സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തന്നെ സോഷ്യൽ മീഡിയിലൂടെ നിരന്തരമായി അധിക്ഷേപിക്കുന്ന ആളെ കണ്ടെത്തിയെന്നും അയാൾ നഴ്സ് ആണെന്നും 2023ൽ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. തന്റെ പിതാവിനെതിരെ വരെ യുവതി മോശം കമന്റിട്ടുവെന്ന് സുപ്രിയ പറഞ്ഞിരുന്നു. വീണ്ടും അധിക്ഷേപം ആവർത്തിച്ചതിനെ തുടർന്നാണ് ആ യുവതിയുടെ മുഖവും പേരും വെളിപ്പെടുത്താൻ സുപ്രിയ തീരുമാനിച്ചത്.