ഓപ്പറേഷന്‍ സിന്ദൂര്‍: 'കോണ്‍ഗ്രസ് പരത്തുന്നത് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പറയുന്ന കാര്യങ്ങള്‍', ആഞ്ഞടിച്ച് പ്രധാനമന്ത്രി

Tuesday 29 July 2025 7:07 PM IST

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്നും ജനഹൃദയങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനമുണ്ടാകില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് ഇന്ത്യയുടെ ധീരന്‍മാരെ അഭിനന്ദിക്കാന്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് പറയുന്ന കാര്യങ്ങളാണ് കോണ്‍ഗ്രസ് പരത്തുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ലോക്‌സഭയില്‍ നടക്കുന്ന സമ്മേളനം ഇന്ത്യയുടെ വിജയാഘോഷമാണ്. ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കും. പഹല്‍ഗാമില്‍ നടന്നത് ഭീകരതയുടെ ഉച്ചകോടിയാണ്. രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ഇന്ത്യയിലെ ജനങ്ങള്‍ തകര്‍ത്തു. ഏപ്രില്‍ 22ലെ ആക്രമണത്തിനുള്ള മറുപടി ഇന്ത്യ 22 മിനിറ്റ് കൊണ്ടാണ് നല്‍കിയത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഉടനെ തന്നെ പ്രത്യാക്രമണത്തിന് നിര്‍ദേശം നല്‍കിയെന്നും ഇതിന് സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ് ഇന്ത്യ നല്‍കിയത്. പാകിസ്ഥാന്റെ ആണവ ഭീഷണി വ്യാജമെന്ന് തെളിയിക്കാനായി. ഇന്ത്യയുടെ ആക്രമണത്തിന് മുന്നില്‍ പാകിസ്ഥാന് ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു. ഭീകരരുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യന്‍ സേന ലക്ഷ്യം വച്ചത്. ഈ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നു. വെടിനിര്‍ത്തലിന് പാകിസ്ഥാന്‍ ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

പഹല്‍ഗാമില്‍ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് നേരത്തെ സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ട്രംപ് ഏറ്റെടുത്തെന്നും ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് മറുപടി നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.