അലംഭാവം വിനയായി, പനിക്കിടക്കയിൽ കുമരകം

Wednesday 30 July 2025 12:42 AM IST

കുമരകം : കനത്ത മഴയ്‌ക്ക് പിന്നാലെ കുമരകത്ത് പനിബാധിതരും വർദ്ധിക്കുന്നു. ദിനംപ്രതി 400 ലധികം പേരാണ് കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ പോകുന്നവരുടെ എണ്ണം കൂടിയാകുമ്പോൾ ഇതിന്റെ ഇരട്ടിയാകും. ശ്വാസകോശ സംബന്ധമായ രോഗങ്ങളും കൂടി. കൂടാതെ എലിപ്പനി, ഡെങ്കിയും, മഞ്ഞപ്പിത്തവും പടർന്ന് പിടിക്കുകയാണ്. 4,6 വാർഡുകളിലാണ് സ്ഥിതി രൂക്ഷം. ഒ.പി ചീട്ടിനും, ഡോക്ടറെ കാണുന്നതിനും, ഫാർമസിയിലും നീണ്ടനിര ദൃശ്യമാണ്. രാത്രിയിലും ഒ.പി പ്രവർ‌ത്തിക്കുന്നതിനാൽ ജനങ്ങൾക്ക് ആശ്വാസമാണ്. മലിനജലവുമായി സമ്പർക്കം ഒഴിവാക്കുക, ശരീരത്തിൽ മുറിവുള്ളവർ ശുചീകരണ പ്രവർത്തനത്തിൽ ഇറങ്ങാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികളെ നിയന്ത്രിക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം മുൻകരുതൽ സ്വീകരിക്കണം തുടങ്ങിയ മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

ശുചീകരണ പ്രവർത്തനം താളംതെറ്റി

ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതാണ് പകർച്ചവ്യാധി പെരുകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. ചതുപ്പ് പ്രദേശങ്ങളിലടക്കം മലിലജലം കെട്ടിക്കിടക്കുകയാണ്. വാർഡുതല സാനിട്ടേഷൻ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമല്ല. 5 സബ് സെന്ററുകൾ കേന്ദ്രമാക്കി 5 ജെ.പി.എച്ച്.എൻമാരാണ് 16 വാർഡുകളിലെ സാനിട്ടേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വാർഡുമെമ്പറുടെ നേതൃത്വത്തിൽ നടത്തേണ്ടത്. എന്നാൽ നിലവിൽ 3 ജെ.പി.എച്ച്.എൻമാരാണുള്ളത്. നാഷണൽ ഹെൽത്ത് മിഷൻ 10000, ശുചിത്വ മിഷൻ 10000, ഗ്രാമപഞ്ചായത്ത് 10000 എന്നിങ്ങനെ 30000 രൂപയാണ് കമ്മിറ്റികൾക്ക് ലഭിക്കുക. ലഭിച്ചതുക പൂർണ്ണമായും വിനിയോഗിച്ചില്ലെന്നും ആരോപണമുണ്ട്.

രോഗ ലക്ഷണങ്ങൾ പനി, പേശി വേദന (കാൽ വണ്ണയിലെ പേശികളിൽ), തലവേദന, നടുവേദന, വയറുവേദന, ഛർദ്ദി, കണ്ണിന് ചുവപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണമായും ഭേദമാക്കാം.

''ഡോക്‌സി സൈക്ലിൻ ഗുളിക കഴിച്ചാൽ എലിപ്പനി ബാധിച്ചാലും രോഗം ഗുരുതരമാകാതിരിക്കാൻ സഹായിക്കും. സ്വയം ചികിത്സ അരുത്. പൂർണ വിശ്രമം ആവശ്യമാണ്. -ആരോഗ്യവിദഗ്ദ്ധർ