പൂവണിയുമോ കിളിമാനൂരിലെ ഭവന സമുച്ചയം

Wednesday 30 July 2025 3:56 AM IST

നിർമ്മാണം നീണ്ടുപോകുന്നു

കിളിമാനൂർ: കിളിമാനൂരിൽ നിർമ്മിക്കുന്ന ഭവനസമുച്ചയത്തിന്റെ പണി, ഈ ഓണത്തിനെങ്കിലും പൂർത്തിയാക്കുമോ എന്ന ആശങ്കയിലാണ് പഞ്ചായത്തിലെ ഭവനരഹിതർ.ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഭവനരഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നത്.51 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം.

പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വസ്‌തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്.2018-2019 വാർഷിക പദ്ധതിയിൽ ഭവന സമുച്ചയത്തിന്റെ ആരംഭത്തിനും, ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടർപ്രവർത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു.എന്നിട്ടും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. എത്രയും വേഗം പണി പൂർത്തിയാക്കി,തങ്ങളെ മാറ്റി പാർപ്പിക്കണമെന്നാണ് ഭവനരഹിതരുടെ ആവശ്യം.

വാർഷിക ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് കെട്ടിട നിർമ്മാണം നീട്ടുപോകുന്നതെന്ന് അധികൃതർ പറയുന്നു

 ഭൂമി വാങ്ങിയത് - 64 ലക്ഷം രൂപയ‌്ക്ക്

 പ്രയോജനം - 51 കുടുംബങ്ങൾക്ക്

 ഒരു കുടുംബത്തിനുവേണ്ടി കണക്കാക്കുന്ന തുക - 12 ലക്ഷം

 നിർമ്മാണത്തുക - 6.12 കോടി രൂപ

പ്രഖ്യാപനം

ഒരു ഫ്ലാറ്റ് കഴിഞ്ഞ ഓണത്തിന് മുൻപായി ഭവനരഹിതർക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.എന്നാൽ അടുത്ത ഓണമെത്തിയിട്ടും യാഥാർത്ഥ്യമാകുന്ന ലക്ഷണമൊന്നുന്നില്ല.

പ്രയോജനം ലഭിക്കുന്നത്

എട്ട് പഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്ക്

നിലവിലെ സ്ഥിതി

മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളാണ് പണിയുന്നത്.18 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ആദ്യ ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി പൂർത്തിയാകാറായി. മറ്റ് രണ്ടണ്ണത്തിൽ ഒരെണ്ണത്തിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും പാതിവഴിയിലാണ്, മറ്റൊരെണ്ണം അടിസ്ഥാനം മാത്രമായി.

ഫ്ലാറ്റ് സമുച്ചയത്തിൽ

ജൈവ ചുറ്റുമതിൽ

സോളാറിൽ വൈദ്യുതി

സ്വിമ്മിംഗ് പൂൾ

അങ്കണവാടി

മിനി ചിൽഡ്രസ് പാർക്ക്

കിൻഡർ ഗാർഡൻ