ടിപ്പറിൽ കാറിടിച്ച് രണ്ട് യാത്രികർക്ക് പരിക്ക്
ഇരിട്ടി: ടിപ്പർ ലോറിയിൽ കാറിടിച്ച് കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇരിക്കൂർ സ്വദേശികളായ ജസീം, സുബിൻ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെ ഇരിട്ടി - കൂട്ടുപുഴ റോഡിൽ കുന്നോത്ത് കേളൻ പീടികയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളും പൊലീസും പറയുന്നത്. ഇരിട്ടി പാലത്തിനു സമീപം വച്ച് ചിലരുമായി തർക്കത്തിൽ ഏർപ്പെട്ട ഇരുവരും പൊലീസ് എത്തുമ്പോഴേക്കും കടന്നു കളയുകയായിരുന്നു. തുടർന്ന് കല്ലുമുട്ടിയിൽ വച്ചും സമാനമായി ആളുകളുമായി തർക്കത്തിലേർപ്പെട്ടു.പൊലീസ് പിന്തുടർന്നെങ്കിലും ഇവിടെ നിന്ന് അതിവേഗത്തിൽ ഓടിച്ചു പോയ കാർ രണ്ടു വാഹനങ്ങളെ മറികടന്ന ശേഷം ടിപ്പറിൽ ഇടിച്ച് തകരുകയുമായിരുന്നു. കാർ അമിത വേഗതയിലായിരുന്നു എന്നാണ് അപകടം കണ്ടുനിന്നവരും പറയുന്നത്.