അജിത്ത്, നാനി ചിത്രങ്ങളിൽ സ്വാസിക
അജിത്തിന്റെ തമിഴ് ചിത്രത്തിലും നാനിയുടെ തെലുങ്ക് ചിത്രത്തിലും സ്വാസിക.അജിത്ത് നായകനായി ആദിക് രവിചന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസിക അഭിനയിക്കുന്നുണ്ട്. നാനി നായകനായ ദ പാരഡൈസിൽ പ്രധാന വേഷത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന പാരഡൈസിൽ ഭാഗ്യശ്രീ ബ്രോസ് ആണ് നായിക. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്നു.
കഴിഞ്ഞവർഷം റിലീസ് ചെയ്ത ലബർ പന്ത് സിനിമയിലെ യശോദ എന്ന കഥാപാത്രം സ്വാസികയുടെ കരിയറിൽ വഴിത്തിരിവായി. തമിഴരസൻ പച്ചമുത്തു സംവിധാനം ചെയ്ത ചിത്രത്തിലെ സ്വാസികയുടെ പ്രകടനം വാനോളം പ്രശംസ നേടി.
മുതിർന്ന െപെൺകുട്ടിയുടെ അമ്മയായും അമ്മായി അമ്മയുമായുള്ള വൈകാരിക രംഗങ്ങളും മികച്ചുനിന്നു. തമിഴ് സിനിമയിൽ അഭിനയിച്ചാണ് സ്വാസിക ചലച്ചിത്ര പ്രവേശനം ആരംഭിച്ചതെങ്കിലും രാശി തെളിയാൻ വർഷങ്ങൾ വേണ്ടിവന്നു. സൂര്യ നായകനായ റെട്രോ , സൂരിയുടെ മാമൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധ നേടി. സൂര്യ നായകനായ കറുപ്പ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.അതേസമയം നിതിൻ നായകനായ തമ്മുഡു ആണ് തെലുങ്കിൽ സ്വാസികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. വേറിട്ട വേഷപ്പകർച്ചയിൽ എത്തിയ സ്വാസികയുടെ പ്രകടനത്തെ തെലുങ്ക് സിനിമ ലോകം അംഗീകരിക്കുകയും ചെയ്തു.