പറവൂർ ഗവ.സ്കൂളിന് വി.എസിന്റെ നാമധേയം; വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി
ആവശ്യപ്പെട്ടത് ജി.സുധാകരൻ
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പ്രാഥമിക വിദ്യാഭ്യാസം നേടിയ പുന്നപ്ര പറവൂർ ഗവ.സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന മുൻ മന്ത്രി ജി.സുധാകരന്റെ ആവശ്യം പരിഗണിക്കാമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉറപ്പ് നൽകി. ആവശ്യം സംബന്ധിച്ച് കത്തയച്ചതിന് പുറമേ ജി.സുധാകരൻ മന്ത്രിയെ ഫോണിലും ബന്ധപ്പെട്ടിരുന്നു. 140 വർഷം പാരമ്പര്യമുള്ള പറവൂർ സ്‌കൂൾ ക്രിസ്ത്യൻ മിഷനറിമാർ ആരംഭിച്ചതാണ് . വി.എസ് പഠിക്കുന്ന കാലത്ത് എൽ.പി തലം വരെ മാത്രമായിരുന്ന സ്കൂളിൽ പ്ലസ് ടൂ അനുവദിച്ചത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്.
അന്ന് മന്ത്രിയായിരുന്ന ജി.സുധാകരനാണ് പറവൂർ സ്കൂളിൽ പ്ലസ് ടൂ സീറ്റ് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. വി.എസിന്റെ പറവൂരിലെ വീടിന് തൊട്ടടുത്തുള്ള ഇതേ സ്കൂളിലാണ് അദ്ദേഹവും കുടുംബവും വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നത്. നിലവിൽ ആയിരത്തി അഞ്ഞൂറോളം കുട്ടികളാണ് ഈ പൊതുവിദ്യാലയത്തിൽ പഠിക്കുന്നത്. പഴയ ഓടിട്ട കെട്ടിടത്തിലും മറ്റൊരു രണ്ടുനില കെട്ടിടത്തിലുമുള്ള മുപ്പതോളം മുറികളിലാണ് ക്ലാസുകൾ നടന്നിരുന്നത്. കഴിഞ്ഞ സർക്കാരിൽ മന്ത്റിയായിരുന്ന സ്ഥലം എം.എൽ.എ കൂടിയായിരുന്ന ജി.സുധാകരൻ മുൻകൈയെടുത്താണ് പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്. മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയായി എസ്റ്റിമേറ്റ് ഉയർത്തി കെട്ടിട നിർമ്മാണം പുരോഗമിക്കുകാണ്.