മഴ മാറിനിന്നിട്ടും ഒഴിയാതെ വെള്ളക്കെട്ട്

Wednesday 30 July 2025 1:08 AM IST

ആലപ്പുഴ : മഴമാറിയതോടെ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും വെള്ളപ്പൊക്കഭീഷണിയിൽ നിന്ന് ആശ്വാസം. ഇന്നലെ മുതൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങിയെങ്കിലും ചിലപ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴുമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പ്രളയഭീതി സൃഷ്ടിച്ച് വളരെ വേഗത്തിലാണ് പ്രദേശത്ത് വെള്ളംകയറിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് കിഴക്കൻവെള്ളം വലിയതോതിൽ എത്തുന്നുണ്ടെങ്കിലും തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചിരിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമാണ്.

നെടുമുടി, കാവാലം എന്നിവിടങ്ങളിൽ അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. ആലപ്പുഴ നഗരത്തിലെ വിവിധവാർഡുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പാലസ്, പള്ളാത്തുരുത്തി, തത്തംപള്ളി, നെഹ്റുട്രോഫി എന്നീ വാർഡുകളിലെല്ലാം വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇന്നും നാളെയും ജില്ലയിൽ ഗ്രീൻ അലർട്ടാണ്.

തോട്ടപ്പള്ളിയിൽ നീരൊഴുക്ക് ശക്തം

 ചക്കുളത്തുകാവ്, നെടുമുടി, മങ്കൊമ്പ്, എടത്വ എന്നിവിടങ്ങളിലായിരുന്നു ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്

 എ.സി റോഡിൽ കോരവളവ്, കിടങ്ങറ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

 രാമങ്കരി, എടത്വ, തലവടി, മുട്ടാർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമാണ്

 വെള്ളപ്പൊക്കത്തിന് ശമനം വന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ചിലത് അടുത്തദിവസത്തോടെ പ്രവർത്തനം അവസാനിപ്പിച്ചേക്കും

ദുരിതാശ്വാസ ക്യാമ്പുകൾ - 15 (103 കുടുംബങ്ങൾ, 344 അംഗങ്ങൾ)

വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഇപ്പോഴും വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നവരുണ്ട്. തലവടി, മുട്ടാർ ഭാഗങ്ങലിലെല്ലാം വലിയ രീതിയിൽ വെള്ളക്കെട്ട് രൂക്ഷമാണ്

-അജിത്കുമാ‌ർ പിഷാരത്ത്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം