കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം വേഗത്തിൽ
ടെണ്ടർ നടപടികൾ നാളെ മുതൽ
തൃശൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നതിന്റെ ടെണ്ടർ നടപടികൾ നാളെ ആരംഭിക്കും. മന്ത്രി നേരിട്ടെത്തി പച്ചക്കൊടി വീശിയതോടെയാണ് നവീകരണം വേഗത്തിലാകുന്നത്. ടെണ്ടർ പൂർത്തിയായാൽ ഉടൻ തന്നെ കെട്ടിടം പൊളിക്കും. കഴിഞ്ഞ ജൂലായ് ഏഴിനാണ് മന്ത്രി ഗണേഷ് കുമാറും മന്ത്രി രാജനും കെ.ബാലചന്ദ്രൻ എം.എൽ.എയും തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശിച്ചത്. നടപടികൾ എല്ലാം വേഗത്തിലാക്കുമെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. പൊളിക്കാനുള്ള ഉത്തരവ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മാനേജിംഗ് ഡയറക്ടർ നൽകിയിരുന്നു. നവകേരള സദസിലൂടെ അനുവദിച്ച ഏഴ് കോടിയും എം.എൽ.എയുടെ മൂന്നു കോടിയോളം രൂപയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് വികസന പ്രവർത്തനം. കെട്ടിടം പൊളിച്ച് പരമാവധി സ്ഥലം ഉപയോഗപ്രദമാകുന്ന തരത്തിലായിരിക്കും രൂപരേഖ. കെട്ടിടം പൊളിക്കുന്നതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഇക്കണ്ടവാരിയർ റോഡിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തേക്ക് മാറ്റും.
വിപുലമായ നവീകരണം
നിർമ്മിക്കുന്നത് മൂന്നു നില കെട്ടിടം മുന്നിലെ ഗ്യാരേജ് പൊളിച്ച് മാറ്റും പമ്പിന് കൊടുത്ത കൂടുതൽ സ്ഥലം ഏറ്റെടുക്കും നിലവിലെ കെട്ടിടം പിറകിലേക്ക് നീക്കും രണ്ട് സ്റ്റാൻഡ് എന്ന ക്രമത്തിൽ വിപുലീകരണം താഴത്തെ നിലയിൽ ഓപ്പറേഷൻ വിഭാഗവും കാന്റീനും
പ്രത്യേകം എൻട്രൻസുകൾ
വടക്കേ കവാടം, തെക്കേ വഴി എന്നിവിടങ്ങളിലൂടെ സ്റ്റാൻഡിലേക്ക് ബസുകൾ കയറ്റും. പുറത്തേക്ക് കടക്കുന്നത് പടിഞ്ഞാറെ കവാടം വഴി മാത്രമാക്കും. കോഴിക്കോട് ഭാഗത്തു നിന്നുള്ള ബസുകൾക്കും തിരുവനന്തപുരം, പാലക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾക്കും പ്രത്യേകം എൻട്രൻസുകൾ സ്ഥാപിക്കും. രണ്ട് ബസ് സ്റ്റാൻഡുകളിലാവും ഇവ പാർക്ക് ചെയ്യുക. ഇതിനിടയിൽ വെയിറ്റിംഗ് ഏരിയ സ്ഥാപിക്കും. സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്ന ഇവിടെ ഇരിപ്പിടങ്ങളും ബസ് വിവരങ്ങൾ പ്രദർശിപ്പിക്കും. ഡിസ്‌പ്ലേ ബോർഡും ഉണ്ടാകും.