പോക്സോ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും

Wednesday 30 July 2025 1:42 AM IST

കാട്ടാക്കട:ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും.നെടുമങ്ങാട് ആനാട് കല്ലിയോട് തീർത്ഥംകര കുന്നുംപുറത്ത് വീട്ടിൽ അനിൽ കുമാറിനെയാണ് (45)കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2023 നവംബർ 5നായിരുന്നു സംഭവം.അന്ന് ഉച്ചയ്ക്ക് 1ഓടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ, നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന ബസിൽ കയറിയ കുട്ടിയെ എതിർ സീറ്റിലിരുന്ന പ്രതി നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്.

അന്നത്തെ നെടുമങ്ങാട് സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 19രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.