മോദിക്ക് ഇന്ദിരയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയില്ല: രാഹുൽ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബംഗ്ളാദേശ് വിമോചന യുദ്ധത്തിലുൾപ്പെടെ കാണിച്ച രാഷ്‌ട്രീയ ഇച്ഛാശക്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതുകൊണ്ടും സൈന്യത്തിന് സ്വാതന്ത്ര്യം നൽകാത്തതിനാലുമാണ് ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ വെടിവച്ചിടാൻ പാകിസ്ഥാന് കഴിഞ്ഞതെന്നും പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ചർച്ചയിലാണ് രാഹുലിന്റെ ആരോപണം. ഓപ്പറേഷൻ തുടങ്ങി അരമണിക്കൂറിന് ശേഷം പാകിസ്ഥാനെ വിളിച്ച് കൂടുതൽ പ്രകോപനമുണ്ടാകില്ലെന്ന് പറഞ്ഞത് മണ്ടത്തരമാണ്. പൊരുതാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടാണത്. അരമണിക്കൂറിൽ പാകിസ്ഥാന് കീഴടങ്ങി. ഇക്കാരണത്താലാണ് ചില വിമാനങ്ങൾ നഷ്‌ടമായതെന്ന് പ്രതിരോധ രംഗത്തുള്ളവർ പറയുന്നത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് അതുചെയ്‌തത്. ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ വീണ്ടും പാകിസ്ഥാനെ ആക്രമിക്കാൻ സർക്കാർ തയാറാകുമോ.താൻ ഇടപെട്ടാണ് വെടിനിറുത്തൽ നടപ്പായതെന്ന് യു.എസ് പ്രസിഡന്റ് 29 തവണ പറഞ്ഞു. ട്രംപ് കള്ളം പറയുകയാണെന്നും വിമാനങ്ങൾ നഷ്‌ടമായില്ലെന്നും പറയാൻ മോദിക്ക് ധൈര്യമുണ്ടോ. പാക് കരസേനാ മേധാവി ജനറൽ അസീം മുനീറിനെ യു.എസ് പ്രസിഡന്റ് വിരുന്നിന് ക്ഷണിച്ചത് ഇന്ത്യൻ വിദേശ നയത്തിൽ വന്ന വലിയ പാളിച്ചയാണ്. ഓപ്പറേഷൻ സിന്ദൂർ ചൈന-പാക് സഖ്യത്തിന് ബലം നൽകുകയാണ് ചെയ്‌തത്.