പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് അറസ്‌റ്റിൽ

Friday 20 September 2019 10:14 AM IST

ന്യൂഡൽഹി: തന്നെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയെന്ന നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ മുതിർന്ന ബി.ജെ.പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വാജ്‌പേയി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയിൽ അംഗമായിരുന്നു ചിന്മയാനന്ദ്. അറസ്‌റ്റ് രേഖപ്പെടുത്തിയ ചിന്മയാനന്ദിനെ മെഡ‌ിക്കൽ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ചിന്മയാനന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ആഗസ്റ്റ് 23നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പെൺകുട്ടി ആദ്യമായി ആരോപണമുന്നയിച്ചത്. പിന്നീട് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നാണ് കണ്ടെത്തിയത്. ആഗസ്റ്റ് 27ന് യു.പി പൊലീസ് ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചുമത്തി ചിന്മയാനന്ദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി ആരോപണങ്ങൾ അന്വേഷിക്കാൻ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ യു.പി സർക്കാരിന് നിർദ്ദേശം നൽകി. തുടർന്ന് ഉത്തർപ്രദേശിലെ പ്രത്യേക അന്വേഷണ സംഘം നിരവധി തവണ ചിന്മയാനന്ദിന്റെ ആശ്രമത്തിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ ആയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ ആരോപണവുമായി രംഗത്ത് വന്നതിനിടെയാണ് നാടകീയമായി ചിന്മയാനന്ദിനെ പൊലീസ് പിടികൂടിയത്.