കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

Wednesday 30 July 2025 12:59 AM IST

ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗിലെ മജിസ്‌ട്രേട്ട് കോടതി തള്ളി. വെള്ളിയാഴ്ചയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസും സിസ്റ്റർ പ്രീതി മേരിയും ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റിലായത്.

ഇന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷക അറിയിച്ചു. യു.ഡി.എഫ് എം.പിമാരുടെ സംഘം കന്യാസ്‌ത്രീകളെ സന്ദർശിച്ചു. എം.പിമാരടക്കമുള്ള ഇടതു നേതാക്കൾക്ക് അനുമതി നൽകിയില്ല. ഇന്ന് കാണാൻ അനുവദിക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘവും കന്യാസ്ത്രീകളെ സന്ദർശിച്ചു.

ബജ്‌റംഗ്‌ദൾ പ്രവർത്തകർ മോശമായി പെരുമാറിയെന്ന് കന്യാസ്ത്രീകൾ വെളിപ്പെടുത്തിയതായി എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹന്നാൻ, അങ്കമാലി എം.എൽ.എ റോജി എം.ജോൺ എന്നിവർ പറഞ്ഞു. മതപരിവർത്തന ആരോപണം കന്യാസ്ത്രീകൾ നിഷേധിച്ചു.

സംഘം മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുമായും കൂടിക്കാഴ്‌ച നടത്തി. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഛത്തീസ്ഗഡിലെ ബിഷപ്പ് ഹെൻറി താക്കൂറുമായും കൂടിക്കാഴ്‌ച നടത്തി.

രാവിലെ എത്തിയ പ്രതിപക്ഷ എം.പിമാർക്ക് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധത്തിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് എം.പിമാരെയും കന്യാസ്ത്രീയുടെ ബന്ധുവായ ബൈജുവിനെയും കടത്തിവിട്ടത്.

ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ സഹായം ഉറപ്പു നൽകിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജയിൽ സന്ദർ പറഞ്ഞു.

മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് കന്യാസ്‌ത്രീകൾക്കെതിരെ നടത്തിയ പരാമർശം എഫ്.ഐ.ആർ അടിസ്ഥാനമാക്കിയാണെന്ന് അനൂപ് വിശദീകരിച്ചു.

ഇടത് എം.പിമാർക്ക് അനുമതി നിഷേധിച്ചു

സി.പി.എം എം.പിമാരായ കെ. രാധാകൃഷ്ണൻ, എ.എ. റഹിം, കേരള കോൺഗ്രസ് (എം) എം.പി ജോസ് കെ. മാണി, സി.പി.ഐ എം.പി പി.പി സുനീർ സി.പി.എം നേതാവ് ബൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് ആനി രാജ എന്നിവർക്കാണ് അനുമതി നിഷേധിച്ചത്. ഇന്ന് 10ന് അനുമതി നൽകാമെന്ന് പൊലീസ് അറിയിച്ചു.

സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ കന്യാസ്ത്രീകളെ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയായിരുന്നു. നേരത്തെ തന്നെ ക്രിസ്തുമത വിശ്വാസികളാണെന്നും വീട്ടുകാരുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം പോകാനെത്തിയതെന്നും പെൺകുട്ടികൾ പറഞ്ഞു.

മതപരിവർത്തനം

നടത്തിയിട്ടില്ല: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയച്ചത് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ്. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതുവരെ അവർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1968ൽ രൂപീകരിച്ച മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി ഉണ്ടായത്. ആ നിയമം സൃഷ്ടിച്ചത് കോൺഗ്രസ് സർക്കാരാണ്. കോൺഗ്രസ് അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്.