വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് 50 വർഷം കഠിനതടവും പിഴയും

Wednesday 30 July 2025 1:02 AM IST

തിരുവനന്തപുരം: പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ദിവസങ്ങളോളം പീഡിപ്പിച്ച 25കാരനെ കോടതി വിവിധ വകുപ്പുകളിലായി 50 വർഷം കഠിന തടവിനും 35,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

തിരുവല്ലം പൂങ്കുളം സ്വദേശി ചക്കര എന്ന സുജിത്തിനെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്.വിവാഹ വാഗ്ദാനം നൽകി വീട്ടുകാരറിയാതെ പെൺകുട്ടിയുടെ മുറിയിൽ എട്ട് ദിവസത്തോളം ഒളിച്ച് കഴിഞ്ഞാണ് പ്രതി പീഡിപ്പിച്ചത്.

2021 സെപ്തംബർ ആറിനാണ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നത്. പിന്നീട് പെൺകുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലേക്ക് പോയപ്പോൾ അവിടെയും പ്രതിയെത്തി.തുടർന്ന് പെൺകുട്ടിയുടെ അച്ഛനാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏല്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.