പണത്തിനു വേണ്ടി മകൻ പെറ്റമ്മയെ പൂട്ടിയിട്ടു, വീടിന്റെ വാതിൽ ചവിട്ടി തുറന്ന് രക്ഷപ്പെടുത്തിയത് പൊലീസ്

Friday 20 September 2019 11:07 AM IST

തിരുവനന്തപുരം: ഭൂമി വിറ്റ പണത്തിനു വേണ്ടി പെറ്റമ്മയെ പൂട്ടിയിട്ട് നരകിപ്പിച്ച് മകന്റെ പൈശാചികത. തിരുവനന്തപുരം ബാലരാമപുരത്ത് എൺപത് വയസുള്ള ലളിതയോടാണ് മകനായ വിജയകുമാർ 'മാതൃസ്നേഹം' കാട്ടിയത്. സ്വത്ത് തട്ടിയെടുക്കാനായി വിജയകുമാർ അമ്മയെ പൂട്ടിയിട്ടതാണെന്ന മറ്റുമക്കളുടെയും ബന്ധുക്കളുടെയും പരാതിയിൽ വിജയകുമാറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

വ്യാഴാഴ്‌ച രാത്രിയോടെയാണ് സംഭവം. വൈകിട്ട് മുതൽ അമ്മയെ കാണാൻ രണ്ടു മക്കളും ചില ബന്ധുക്കളും വീട്ടിൽ എത്തിയിരുന്നു. എന്നാൽ എത്ര പറഞ്ഞിട്ടും വിജയകുമാർ അതിന് അനുവദിച്ചില്ല. മാത്രമല്ല വീടും ഗേറ്റും ഇയാൾ അടച്ചുപൂട്ടുകയും ചെയ്‌തു. സഹോദരങ്ങളും പഞ്ചായത്ത് മെമ്പറും അയൽക്കാരും ആവർത്തിച്ച് അവശ്യപ്പെട്ടിട്ടും അമ്മയെ കാണിക്കാൻ ഇയാൾ തയാറായില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ പൊലീസിനെ വിളിക്കുകയായിരുന്നു.

തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നു. ഉറക്കെ കരയാൻ പോലും കഴിയാതെ ഒരു പുതപ്പിൽ പൊതിഞ്ഞ് പുഴുവരിച്ച നിലയിൽ കിടക്കുന്ന വൃദ്ധയെയായിരുന്നു വീട്ടിനുള്ളിൽ കണ്ടത്. മറ്റു മക്കൾ ചേർന്ന് അൽപം വെള്ളം കൊടുത്ത ശേഷം ലളിതയെ ആശുപത്രിയിലേക്ക് മാറ്റി. ഭൂമി വിറ്റ 15 ലക്ഷത്തോളം രൂപ അമ്മയുടെ അക്കൗണ്ടിലുണ്ട്. ഇതു തട്ടിയെടുക്കാനാണ് ബന്ധുക്കളെ കാണിക്കാതെ അമ്മയെ പൂട്ടിയിട്ടതെന്നാണ് മറ്റു മക്കൾ പറയുന്നത്. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടിലാണ് വിജയകുമാ‌റിന്റെ താമസം.