യുക്രെയിനിൽ റഷ്യൻ വ്യോമാക്രമണം: 27 മരണം

Wednesday 30 July 2025 1:48 AM IST

കീവ്: യുക്രെയിനിലെ ആശുപത്രിയിലും ജയിലിലും ഇന്നലെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. യുക്രെയിനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്കുമേൽ പുതിയ ഉപരോധങ്ങളും തീരുവയും പ്രഖ്യാപിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി അവഗണിച്ചാണ് സിവിലിയൻ കേന്ദ്രങ്ങളിൽ റഷ്യ ആക്രമണം നടത്തിയത്. അതേസമയം, സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെക്കുകിഴക്കൻ പ്രവിശ്യയായ സപോറിഷ്യയിലെ ജയിലിൽ 17 തടവുകാരാണ് കൊല്ലപ്പെട്ടത്. 80ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ പകുതിയിലേറെ പേരുടെ നിലയും ഗുരുതരമാണ്. ജയിലിലെ ഭക്ഷണ ഹാൾ, തടവുമുറി, ഓഫീസ് എന്നിവയാണ് ആക്രമിക്കപ്പെട്ടത്.

നിപ്രോയിലെ മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിച്ച മാതൃ-ശിശു പരിചരണ ആശുപത്രിയിൽ നാലുപേരും മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന മുൻനിർദ്ദേശം തിരുത്തി കഴിഞ്ഞ ദിവസമാണ് 12 ദിവസത്തിനകം നിറുത്താൻ ട്രംപ് അന്ത്യശാസനം നൽകിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. എന്നാൽ, റഷ്യക്കെതിരെ അന്ത്യശാസനം നൽകുന്ന കളി അവസാനിപ്പിക്കണമെന്നായിരുന്നു റഷ്യൻ സൈനിക വക്താവിന്റെ പ്രതികരണം.

‘റഷ്യ ഇസ്രയേലോ ഇറാനോ അല്ല. ഓരോ പുതിയ അന്ത്യശാസനവും യുദ്ധത്തിലേക്കുള്ള ചുവടാണ്. അത് റഷ്യയും യുക്രെയിനും തമ്മിലാകില്ല. അന്ത്യശാസനം നൽകുന്ന രാജ്യവുമായിട്ടായിരിക്കും’’ -റഷ്യൻ ​രക്ഷാ കൗൺസിൽ ഉപമേധാവി ദിമിത്രി മെദ്‍വദേവ് പറഞ്ഞു. യുക്രെയ്ന് പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾക്കും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഗ്ര ശേഷിയുള്ള രണ്ട് ഇസ്കന്ദർ-എം ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമെ 37 ഷാഹിദ് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിൽ 32 ഡ്രോണുകൾ തടുത്തിട്ടതായി യുക്രെയിൻ വ്യോമസേന അറിയിച്ചു.