ന്യൂയോർക്കിൽ വെടിവയ്പ്: 5 മരണം

Wednesday 30 July 2025 1:51 AM IST

ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്കിൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിൽ ഒരു പൊലീസുക്കാരൻ അടക്കം 5 പേർ കൊല്ലപ്പെട്ടു. അക്രമി ലാസ് വേഗസ് സ്വദേശി ഷെയ്ൻ ഡെവോൺ ടമൂർ (27) സ്വയം വെടിയുതിർത്ത് മരിച്ചു. 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിൽ തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.30നാണ് സംഭവം. കൊലപാതക കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ടമുറയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. ടമുറയ്ക്ക് ഗുരുതരമായ മസ്തിഷ്ക രോഗമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തോക്ക് കൈവശം വയ്ക്കാൻ നെവാഡയിൽ ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു.

ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ ബ്ലാക്സ്‌റ്റോൺ,നാഷണൽ ഫുട്‌ബാൾ ലീഗ്,കെ.പി.എം.ജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന 44 നിലകളുള്ള കെട്ടിടത്തിന്റെ 33-ാം നിലയിലാണ് വെടിവയ്പുണ്ടായത്. ഷെയ്ൻ ഡെവോൺ ടമൂർ തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇയാൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് തോക്കും കൈയിലേന്തി കെട്ടിടത്തിലേക്ക് കയറുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയം, വെടിവയ്പ് നടന്നപ്പോൾ ബോളിവുഡ് നടിമാരായ മെറിൽ സ്ട്രീപും അന്നെ ഹതവേയും സ്റ്റാൻലി ടുച്ചിയും സിനിമയുടെ ചിത്രീകരണത്തിനായി സംഭവസ്ഥലത്തുണ്ടായിരുന്നു. അക്രമി എത്തുന്നതിന് മുൻപ് ഷൂട്ടിംഗ് പൂർത്തിയായതിനാൽ തലനാരിയ്ക്ക് ഇവർ രക്ഷപ്പെട്ടത്. യു.എസിൽ ഈ വർഷം നടക്കുന്ന 254-ാമത്തെ വെടിവയ്പാണിത്.