പതിനാലുകാരിയുടെ പ്രസവം; ഗർഭത്തിന് ഉത്തരവാദിയായ പിതാവ് ഗൾഫിലേക്ക് കടന്നത് ഒരു മാസം മുമ്പ്, പ്രതിയുടെ മൊഴി പുറത്ത്

Wednesday 30 July 2025 7:51 AM IST

കാഞ്ഞങ്ങാട്: 14 വയസുകാരി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയും പെൺകുട്ടിയുടെ പിതാവുമായ നാൽപ്പത്തിയെട്ടുകാരൻ ഒരു മാസം മുമ്പാണ് ഗൾഫിലേക്ക് കടന്നത്. അതിനുമുമ്പ് ഭാര്യയ്ക്ക് മക്കൾക്കുമൊപ്പം വാടക വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. ഇതിനിടയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതെന്നാണ് വിവരം.

ഈ മാസം ഇരുപത്തിമൂന്നിന് ഉച്ചയോടെ വീട്ടിൽവച്ചാണ് പെൺകുട്ടി പ്രസവിച്ചത്. അമിത രക്തസ്രാവം ഉണ്ടായതോടെയാണ് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടക്കത്തിൽ ഉത്തരവാദി ആരാണെന്നറിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.

അന്വേഷണത്തിൽ കുടക് സ്വദേശിയും പെൺകുട്ടിയുടെ പിതാവുമായ നാൽപ്പത്തിയെട്ടുകാരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഡി എൻ എ പരിശോധനയ്ക്കായി നീങ്ങിയതോടെ പെൺകുട്ടിയും ഇക്കാര്യം തുറന്നുപറഞ്ഞു. തുടർന്ന് ഇയാളോട് നാട്ടിലേക്ക് വരാൻ അന്വേഷണ സംഘം ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തിലെത്തി. ട്രെയിനിൽ നാട്ടിലേക്ക് വരുന്നതിനിടയിൽ പൊലീസ് പിടികൂടി.

പ്രതിയും കുറ്റം സമ്മതിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചശേഷം ഒരു തവണ മാത്രമാണ് മകളെ ഉപദ്രവിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് (ഒന്ന്) മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പതിനാലുകാരിയുടെ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.