റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു; അമേരിക്കയിലും മുന്നറിയിപ്പ്

Wednesday 30 July 2025 9:19 AM IST

മോസ്‌കോ: രാജ്യത്തുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചതായി റിപ്പോർട്ടുകൾ. ജപ്പാനിലെ ഹോക്കൈഡോയുടെയും റഷ്യയിലെ കുറിൽ ദ്വീപുകളുടെയും തീരങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുനാമിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റഷ്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ജപ്പാനിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ജൂലായിൽ നിരവധി ചെറുഭൂചലനങ്ങൾ റഷ്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ജപ്പാന്റെ പസഫിക് തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമിക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ അമേരിക്കയിലെ ഹവായിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) അറിയിച്ചു. എന്നിരുന്നാലും, ഇന്ത്യയ്‌ക്കോ ഇന്ത്യൻ മഹാസമുദ്രത്തിനോ സുനാമി ഭീഷണി മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല.