തൃശൂരിൽ വൃദ്ധനെ തലയ്‌ക്കടിച്ച് കൊന്ന് ചാക്കിലാക്കിയത് സ്വർണമാലയ്‌ക്ക് വേണ്ടി; കുറ്റം സമ്മതിച്ച് മകൻ

Wednesday 30 July 2025 10:02 AM IST

തൃശൂർ: വൃദ്ധനെ മകൻ കൊലപ്പെടുത്തിയത് സ്വർണമാലയ്‌‌ക്ക് വേണ്ടിയെന്ന് മൊഴി. മുളയം കൂട്ടാല സ്വദേശി സുന്ദരൻ നായരാണ് (80) മകൻ സുമേഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചെന്ന് സുമേഷ് പൊലീസിനോട് കുറ്റസമ്മതം നടത്തി.

ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സുന്ദരന്റെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. പിതാവിനോട് പണം ചോദിച്ച് സുമേഷ് നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇരുവരും തമ്മിൽ ത‌ർക്കമുണ്ടായി. സുമേഷ് മാല ആവശ്യപ്പെട്ടെങ്കിലും നൽകാൻ സുന്ദരൻ തയ്യാറായില്ല. ഇതോടെ പട്ടിക ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു എന്നും പ്രതി സമ്മതിച്ചു. പിന്നീട് കയ്യും കാലും കെട്ടി ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

സുന്ദരന്റെ വീടിനുള്ളിൽ പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. പിതാവിന്റെ കഴുത്തിലുണ്ടായിരുന്ന മാല പണയം വച്ചെന്നും സുമേഷ് സമ്മതിച്ചു. മണ്ണുത്തി പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.