100 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന് മലയാളി ദമ്പതികൾ,​ ബംഗളൂരുവിൽ എത്തിയതായി സുചന

Wednesday 30 July 2025 10:50 AM IST

ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ വർഗീസും ഭാര്യ ഷൈനി ടോമിയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം മൂന്നിന് കെനിയയിലേക്ക് കടന്ന ഇവർ ബംഗളൂരുവിൽ എത്തിയതായും സൂചനകളുണ്ട്. ഇതിനിടയിൽ കേസിൽ അന്വേഷണം നടത്തുന്ന രാമമൂർത്തിനഗർ പൊലീസിനോട് വാദങ്ങൾ ഉന്നയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ കുട്ടനാട് രാമങ്കരി സ്വദേശികളായ ടോമി എ വർഗീസിനെയും ഷൈനി ടോമിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിലവിൽ ഇവർക്കെതിരെ 410 പേരാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ചിറ്റ് ഫണ്ട് സ്ഥാപനത്തിലൂടെ ദമ്പതികൾ 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിൽ ഒന്നരക്കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും പെൻഷനായപ്പോൾ ലഭിച്ച പണം നിക്ഷേപിച്ചവരുമുണ്ട്. ദമ്പതികൾ കഴിഞ്ഞ 20 വർഷമായി ബംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി വരികയായിരുന്നു. ഇവരുടെ ബംഗളൂരുവിലെ വീട് പകുതി വിലയ്ക്ക് ഒരു മാസം മുൻപ് വിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു.

മകളുടെ ആദ്യ കുർബാനയ്ക്കായി രണ്ടുവർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്ക് സമീപമുള്ള കുടുംബ വീട് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടോമിയുടെ മാതാവ് സഹോദരനൊപ്പം ചങ്ങനാശേരിയിലാണ് താമസിക്കുന്നത്.