ലോകത്താദ്യമായി പുതിയ രക്തഗ്രൂപ്പ് ദക്ഷിണേന്ത്യൻ യുവതിയിൽ കണ്ടെത്തി, പേര് 'ക്രിബ്'
ബംഗളൂരു: ലോകത്തൊരിടത്തും മുൻപ് കണ്ടെത്തിയിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് ദക്ഷിണേന്ത്യൻ യുവതിയിൽ കണ്ടെത്തി. കർണാടകയിലെ കോളാർ ജില്ലയിലുള്ള 38കാരിയിലാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്കായി യുവതിയെ കോളാറിലെ ആർ എൽ ജവലപ്പ ആശുപത്രിയിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പ്രവേശിച്ചപ്പോഴാണ് പുതിയ രക്തഗ്രൂപ്പ് ഡോക്‌ടർമാർ തിരിച്ചറിഞ്ഞത്.
സാധാരണയായി കണ്ടുവരുന്ന ഒ പോസിറ്റീവ് രക്തഗ്രൂപ്പ് ആയിരുന്നു യുവതിയുടേത്. ചികിത്സയ്ക്കിടെ മറ്റ് രക്തഗ്രൂപ്പുകളുമായി യുവതിയുടെ രക്തം യോജിച്ചില്ല. യുവതിയുടെ കുടുംബത്തിലുള്ളവരുടെ രക്തഗ്രൂപ്പുകളുമായും യോജിച്ചില്ല. തുടർന്ന് ഡോക്‌ടർമാർ യുവതിയുടെ ബ്ളഡ് സാമ്പിളുകൾ തുടർപരിശോധനയ്ക്കായി റോട്ടറി ബംഗളൂരു ടിടികെ ബ്ളഡ് സെന്ററിലെ അഡ്വാൻസ്‌ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലേയ്ക്ക് അയച്ചു.
ആധുനിക പരിശോധനകളിൽ യുവതിയുടെ രക്തം 'പാൻറിയാക്ടീവ്' ആണെന്നും മറ്റ് രക്ത സാമ്പിളുകളുമായി യോജിക്കാത്തതാണെന്നും കണ്ടെത്തി. കുടുംബത്തിലെ 20 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലും യോജിച്ചത് കണ്ടെത്താനായിരുന്നില്ല. ഇതിനിടെ രക്തം കയറ്റാതെ തന്നെ യുവതിയുടെ ശസ്ത്രക്രിയ വിജയകരമായി നടത്തി. തുടർന്ന് യുവതിയുടെ ബ്ളഡ് സാമ്പിളുകൾ യുകെ ബിസ്റ്റോളിലെ ഇന്റർനാഷണൽ ബ്ളഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറിയിലേയ്ക്ക് അയച്ചു. പത്ത് മാസം നടത്തിയ തീവ്ര പരിശോധനകളിലാണ് യുവതിയുടേത് ലോകത്ത് മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ലാത്ത അപൂർവ രക്തഗ്രൂപ്പാണെന്ന് തിരിച്ചറിഞ്ഞത്.
ക്രോമർ (സിആർ) രക്തഗ്രൂപ്പ് സംവിധാനത്തിൽ വരുന്നതാണ് യുവതിയുടേതെന്നാണ് കണ്ടെത്തിയത്. പിന്നാലെ പുതിയ രക്തഗ്രൂപ്പിന് ക്രിബ് (സിആർഐബി) എന്ന് പേര് നൽകിയിരിക്കുകയാണ്. ക്രോമറിന്റെ 'സിആർ', ഇന്ത്യ ബംഗളൂരു എന്നതിന്റെ 'ഐബി'യും ചേർന്നതാണ് ക്രിബ്. ഇന്റർനാഷണൽ സൊസൈറ്റി ഒഫ് ബ്ളഡ് ട്രാൻസ്‌ഫ്യൂഷന്റെ 35ാമത് സമ്മേളനത്തിൽ പുതിയ രക്തഗ്രൂപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.