'നിർബന്ധത്തിന് വഴങ്ങി നാഗാർജുന അന്നത് ചെയ്‌തു, അവസാനം എന്റെ മുഖത്ത് പാടുകൾ വന്നു'; വെളിപ്പെടുത്തലുമായി ഇഷ

Wednesday 30 July 2025 12:39 PM IST

തെലുങ്ക് സിനിമകളിലൂടെ സിനിമാ രംഗത്തേക്കെത്തിയ താരമാണ് ഇഷ കോപ്പികർ. പിന്നീടവർ ബോളിവുഡിൽ ശ്രദ്ധേയമായി. ഇപ്പോഴിതാ നടി ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രലേഖയുടെ ചിത്രീകരണം നടക്കുന്ന സമയത്തുണ്ടായ കാര്യമാണ് അവർ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

'ചന്ദ്രലേഖയുടെ ഷൂട്ടിംഗിനിടെ, ദേഷ്യം ശരിക്കും കാണികൾക്ക് അനുഭവപ്പെടാനായി നാഗാർജുനയോട് എന്നെ യഥാർത്ഥത്തിൽ അടിക്കാൻ ഞാൻ ആവശ്യപ്പെട്ടു. അദ്ദേഹം എന്നെ ശരിക്കും അടിച്ചു. എനിക്ക് എപ്പോഴും ഒറിജിനാലിറ്റിയോടെ അഭിനയിക്കാനാണ് താൽപ്പര്യം. ആദ്യം അദ്ദേഹം എതിർത്തെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി യഥാർത്ഥത്തിൽ അടിച്ചു. നിർഭാഗ്യവശാൽ നിരവധി തവണ റീടേക്ക് വേണ്ടിവന്നു. 14 തവണയാണ് അദ്ദേഹം എന്നെ അടിച്ചത്. അവസാനം എന്റെ മുഖത്ത് അടിയുടെ പാടുകൾ തെളിഞ്ഞ് കാണാമായിരുന്നു. അവസാനം അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു. അതിന്റെ ആവശ്യമില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു' - ഇഷ കോപ്പികർ പറഞ്ഞു.

കൃഷ്‌മ വംശിയാണ് ചന്ദ്രലേഖയുടെ സംവിധായകൻ. രമ്യ കൃഷ്‌ണൻ, മുരളി മോഹൻ, ചന്ദ്ര മോഹൻ, ഗിരി ബാബു തുടങ്ങിയവലായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്‌തത്. മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചന്ദ്രലേഖ എന്ന മലയാളം സിനിമയുടെ തെലുങ്ക് റീമേക്കാണ് ഈ ചിത്രം.